തിരുവനന്തപുരം: കെഎസ്ആര്‍ടിസി കൊമേര്‍ഷ്യല്‍ വിഭാഗത്തിന്റെ പ്രധാന ഭാഗമായ ലോജിസ്റ്റിക്‌സ് വിങ്ങിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ലോജിസ്റ്റിക്‌സ് സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നും കലാകൗമുദിയുടെ പത്രക്കെട്ടുകള്‍ എല്ലാ ദിവസവും ബസില്‍ എറണാകുളത്ത് എത്തിക്കുന്ന പദ്ധതിയാണ് ആരംഭിച്ചത്.
ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യ രണ്ടു മാസം കെഎസ്ആര്‍ടിസി സൗജന്യ നിരക്കിലാണ് ഈ സര്‍വ്വീസ് നല്‍കുന്നത്. ഇത് സംബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ അനുമതി എസ്റ്റേറ്റ് ഓഫീസര്‍ എം. ജി.പ്രദീപ് കുമാറില്‍ നിന്നും കലാകൗമുദി ഡെപ്യൂട്ടി ജി. എം. ശ്രീകുമാര്‍, കലാകൗമുദി സര്‍ക്കുലേഷന്‍ മാനേജര്‍ ജിജു എന്നിവര്‍ ഏറ്റുവാങ്ങി.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നും രാത്രി 12 മണിക്ക് പുറപ്പെടുന്ന മണ്ണാര്‍ക്കാട് സൂപ്പര്‍ ഫാസ്റ്റ് അല്ലെങ്കില്‍ 12.30 ന് പുറപ്പെടുന്ന തൃശൂര്‍ സൂപ്പര്‍ ഫാസ്റ്റ് എന്നീ സര്‍വീസുകളിലാണ് പത്രക്കെട്ടുകള്‍ സുരക്ഷിതമായി എത്തിക്കുക. പുലര്‍ച്ചെ 05.30/06.00 മണിയോടെ പത്രക്കെട്ടുകള്‍ കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയില്‍ എത്തിക്കും. അവിടെ നിന്നും കലാകൗമുദി അധികൃതര്‍ ഏറ്റുവാങ്ങുകയും ചെയ്യും.