തിരുവനന്തപുരം : സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 എംപാനല്‍ ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. ഇതോടെ കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം. നടപടി സംസ്ഥാനമെങ്ങുമുള്ള സര്‍വീസുകളെ ബാധിച്ചു. താല്‍ക്കാലിക നിയമനത്തിന് തടസ്സമുള്ളതിനാല്‍ കരാര്‍ നിയമനത്തിനു ശ്രമിക്കുമെന്നും അതുവരെ യാത്രാപ്രതിസന്ധി തുടര്‍ന്നേക്കുമെന്നും ഗതാഗതമന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
ഇതുവരെ 200 സര്‍വീസുകള്‍ സംസ്ഥാനത്ത് റദ്ദാക്കി. തെക്കന്‍ കേരളത്തെയാണ് ഇത് കൂടുതലായും ബാധിക്കുക. കൊട്ടാരക്കരയില്‍ മാത്രം 40 സര്‍വീസുകളും കോട്ടയത്ത് ഇരുപത്തൊന്നും പത്തനംതിട്ടയിലും തിരുവല്ലയിലും 20 വീതവും സര്‍വീസുകള്‍ റദ്ദാക്കി. വയനാട് ജില്ലയിലെ മൂന്ന് ഡിപ്പോകളിലായി 24 സര്‍വീസുകള്‍ മുടങ്ങി. നാളെയോടെ സംസ്ഥാനത്ത് 500ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് കെഎസ്ആര്‍ടിസി നല്‍കുന്ന വിവരം. ഇത് യാത്രാദുരിതം വര്‍ധിപ്പിക്കും.