കൊച്ചി: അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയ റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന്റെ യോഗ്യത സര്‍ട്ടിഫിക്കേറ്റ് ആവശ്യമാണെന്ന നിലപാടില്‍ ഉറച്ച് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. നെല്ലിയാമ്പതിയിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയ എക്‌സ്പ്രസ്സ് കേരള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് മുന്‍പ് നെല്ലിയാമ്പതിയിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു കെഎസ്ആര്‍ടിസി ഈ ഭാഗത്തേക്ക് നടത്തുന്ന സര്‍വ്വീസുകള്‍. എന്നാല്‍ പിന്നീട് പ്രളയത്തില്‍ റോഡുകള്‍ തകര്‍ന്നതോടെയാണ് കെഎസ്ആര്‍ടിസി നിലവിലുണ്ടായിരുന്ന നാല് സര്‍വ്വീസുകളും നിര്‍ത്തലാക്കിയത്. ഒരു സ്വകാര്യബസ് മാത്രമാണ് ഇപ്പോള്‍ നെല്ലിയാമ്പതിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. അതാകട്ടെ രാവിലെയും വൈകുന്നേരവുമായി രണ്ട് സര്‍വ്വീസുകള്‍ മാത്രം. ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികളും ജോലിക്കുപോകുന്നവരും ഉള്‍പ്പടെയുള്ളവരുടെ യാത്ര ദുരിത പൂര്‍ണ്ണമായി മാറിയത്.
റോഡുകള്‍ സഞ്ചാര യോഗ്യമാക്കിയിട്ടും ഗതാഗതത്തിനായി തുറന്നു കൊടുക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ സാക്ഷ്യപത്രം വേണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ആവശ്യപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസം എക്‌സ്പ്രസ് കേരള പുറത്തു വിട്ടിരുന്നു. എന്നാല്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പാലക്കാട് കെഎസ്ആര്‍ടിസി അധികൃതരുടെ മറുപടി ഇങ്ങനെ. നിലവില്‍ തകര്‍ന്ന നെല്ലിയാമ്പതി ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് യോഗ്യത സര്‍ട്ടിഫിക്കേറ്റ് തരാത്തതാണ് നടപടികള്‍ വൈകുന്നതെന്നുമാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കുന്നത്.
ദളിത് വിഭാഗങ്ങള്‍ അടക്കം തിങ്ങിപ്പാര്‍ക്കുന്ന നെല്ലിയാമ്പതി മേഖലയിലെ ജനങ്ങള്‍ 38 കിലോമീറ്റര്‍ ജീപ്പില്‍ സഞ്ചരിച്ച് ആണ് ആവശ്യങ്ങള്‍ക്കായി നെന്മാറ ടൗണിലെത്തുന്നത്. വരുമാനത്തിന്റെ നല്ലൊരു പങ്കും ഇങ്ങനെ ഗതാഗതത്തിന് മാത്രമായി ചെലവഴിക്കേണ്ടി വരുന്നതാണ് ഇവരെ സങ്കടത്തിലാഴ്ത്തുന്നത്.