കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ പ്രതിസന്ധി; സംസ്ഥാനത്ത് രണ്ടു പേര്‍ ജീവനൊടുക്കി

suicide

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ കൂടി ജീവനൊടുക്കി. കെഎസ്ആര്‍ടിസി ബത്തേരി ഡിപ്പോയിലെ മുന്‍ സൂപ്രണ്ട് നടേശ് ബാബുവും, തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ നാടാരുമാണ് ജീവനൊടുക്കിയത്. തലശേരി സ്വദേശിയായ നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് ഇവിടെ നിന്നും കണ്ടെത്തുകയും ചെയ്തു.

പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കാന്‍ ശ്രമിച്ച കരുണാകരന്‍ നാടാര്‍ ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്. കഴിഞ്ഞ രണ്ടാം തീയതിയില്‍ വിഷം കഴിച്ച ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയവരുടെ എണ്ണം 15 ആയി.

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ ജീവനൊടുക്കിയതില്‍ ഒന്നാം പ്രതി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. അതേസമയം, കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് എട്ടിന് തിരുവനന്തപുരത്താണ് യോഗം നടക്കുക.

Top