കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്ത് തീര്‍ക്കാന്‍ ധാരണ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്ന് സര്‍ക്കാര്‍. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്.

254 കോടി രൂപയാണ് കെഎസ്ആര്‍സിയില്‍ ഇതുവരെ പെന്‍ഷന്‍ കുടിശികയുള്ളത്. ഇത് ഈ മാസം തന്നെ വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമാകുകയായിരുന്നു. ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍, സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ എന്നീ മന്ത്രിമാരും ധനകാര്യ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥറും യോഗത്തില്‍ പങ്കെടുത്തിരുന്നു.

സംസ്ഥാന സര്‍ക്കാരും സഹകരണവകുപ്പും കെഎസ്ആര്‍ടിസിയും സഹകരിച്ച് എംഒയു അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കുടിശിക ഈ മാസം തന്നെ കൊടുത്തുതീര്‍ക്കുക. സര്‍ക്കാരും കെഎസ്ആര്‍ടിസിയും സഹകരണവകുപ്പും ചേര്‍ന്ന് എംഓയു ധാരണയുണ്ടാക്കി പെന്‍ഷന്‍ നല്‍കുമെന്ന് നേരത്തെ സഹകരണമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ധാരണയാണ് ഇന്നുണ്ടായത്. പെന്‍ഷനായി പ്രതിമാസം 60 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്.

രാവിലെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയായി സംസാരിച്ച ധനകാര്യമന്ത്രി തോമസ് ഐസക്ക്, കെഎസ്ആര്‍ടിസിയുടെ ശമ്ബളത്തിനായി കോര്‍പറേഷന് 70 കോടി രൂപ അനുവദിച്ചതായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പെന്‍ഷന്‍ കുടിശിക തീര്‍ക്കുന്നതിന് എംഒയു അടിസ്ഥാനത്തില്‍ പണം നല്‍കാനും തീരുമാനമുണ്ടായിരിക്കുന്നത്.

Top