കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍; ആദ്യദിനം ലഭിച്ചത് 25 പേര്‍ക്ക്; ഇനി കിട്ടാനുള്ളവര്‍ 39,020

ksrtc

തിരുവനന്തപുരം: സഹകരണ കണ്‍സോര്‍ഷ്യം വഴിയുള്ള കെ.എസ്.ആര്‍.ടി.സിയിലെ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നെങ്കിലും ആദ്യദിനത്തില്‍ പെന്‍ഷന്‍ കിട്ടിയത് 25 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ പെന്‍ഷന്‍കാരായ ഇവര്‍ക്ക് ചെക്ക് വഴിയാണ് പെന്‍ഷന്‍ നല്‍കിയത്. 39,045 പെന്‍ഷന്‍കാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ഇവര്‍ ഭൂരിഭാഗവും സഹകരണ സംഘങ്ങളില്‍ അക്കൗണ്ട് ആരംഭിക്കാനുള്ള നടപടികളിലാണ്. ഇനി 39,020 പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടാനുള്ളത്.

അക്കൗണ്ട് വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സിയെ അറിയിക്കുന്ന മുറക്ക് ബാക്കിയുള്ളവര്‍ക്കും പെന്‍ഷനെത്തിക്കും. എത്രപേര്‍ ഇതുവരെ അക്കൗണ്ടെടുത്തു എന്ന വിവരവും ലഭ്യമല്ല. എന്തായാലും ഈമാസം 28-ന് മുമ്പ് പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വാക്കുകളിലാണ് ഇനി പെന്‍ഷന്‍കാരുടെ പ്രതീക്ഷ. 223 സഹകരണ സംഘങ്ങളാണ് സഹകരണ കണ്‍സോര്‍ഷ്യത്തിന് സന്നദ്ധമായി മുന്നോടുവന്നത്. 832 കോടി രൂപയാണ് ഇവരുടെ വാഗ്ദാനം. ആദ്യഘട്ടത്തില്‍ ഇത്രയുംതുക ആവശ്യമില്ലാത്തതിനാല്‍ നാല് ജില്ലകളിലെ 24 സംഘങ്ങളില്‍നിന്ന് മാത്രം പണം സമാഹരിക്കാനാണ് തീരുമാനം. ആകെ 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിച്ചത്.

കുടിശ്ശികയും ആറ് മാസത്തേക്കുള്ള പെന്‍ഷനുമായി 584 കോടി രൂപ മതിയാകും. പത്ത് ശതമാനം പലിശനിരക്കില്‍ ലഭിക്കുന്ന 21.7 കോടിയടക്കം 605.70 കോടി രൂപയാണ് സഹകരണ കണ്‍സോര്‍ട്യത്തിന് തിരികെ ലഭിക്കുക. 39,045 പെന്‍ഷന്‍കാര്‍ക്കായി 219.69 കോടി രൂപയാണ് ആദ്യഘട്ട വായ്പയായി നല്‍കുന്നത്. ഇത് 701 സഹകരണസംഘങ്ങള്‍ വഴിയാണ് വിതരണംചെയ്യുക. ആദ്യ ഗഡുവില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് 12,266 പെന്‍ഷന്‍കാരുള്ള തിരുവനന്തപുരം ജില്ലയിലാണ്. കുടിശ്ശികയടക്കം 70.31 കോടി രൂപയാണ് ഇവിടെ വേണ്ടിവരിക.

Top