കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് രമേശ് ചെന്നിത്തല

ramesh-Chennithala

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രതിസന്ധിക്കുകാരണം സര്‍ക്കാരിന്റേയും മാനേജ്‌മെന്റിന്റേയും പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താല്‍കാലിക ജീവനക്കാര സംരക്ഷിക്കാന്‍ നടപടി ഉണ്ടാകണമെന്നും മാനുഷിക പരിഗണന നല്‍കേണ്ട വിഷയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കി. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഇതുവരെ 184 സര്‍വീസുകള്‍ റദ്ദാക്കിയെന്നും ഇനിയും റദ്ദാക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ശബരിമല സര്‍വീസുകളെയും ബാധിക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കി.

അധികഡ്യൂട്ടി ചെയ്യുന്ന കണ്ടക്ടര്‍മാര്‍ക്ക് പ്രത്യേക ആനുകൂല്യം നല്‍കും. പ്രശ്‌നം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, നിലവിലെ പ്രതിസന്ധി കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനെ പോലും ബാധിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

Top