നിലയ്ക്കല്‍: ‘മനിതി’ സംഘാംഗങ്ങളായ യുവതികള്‍ ശബരിമല ദര്‍ശനത്തിന് എത്തിയതിനു പിന്നാലെ ആരംഭിച്ച പ്രതിഷേധം പമ്പയിലടക്കം തുടരുകയാണ്. പ്രതിഷേധം കടുത്തതോടെ നിലയ്ക്കല്‍- പമ്പ കെഎസ്ആര്‍ടിസി സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.
ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന നിലയുറപ്പിച്ചിരിക്കുകയാണ്. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ലന്നും ദര്‍ശനം നടത്തിയേ തിരിച്ചു പോകൂവെന്നും അവര്‍ അറിയിച്ചു.
മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം പറഞ്ഞു. സംഘത്തിന്റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
കൂട്ടായ്മയിലെ ഒരു സംഘം പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നടന്നു കയറുന്നിടത്തെല്ലാം പ്രതിഷേധം ശക്തമായിരുന്നു. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്ന് നാമജപം അടക്കം നടത്തിയാണ് പ്രതിഷേധം. റോഡില്‍ കുത്തിയിരുന്നുള്ള പ്രതിഷേധം കാരണം മനിതി സംഘത്തിന് മുന്നോട്ട് പോകാനായിട്ടില്ല.