തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തുന്ന സമരം വിജയിപ്പിക്കാന്‍ ബസുകള്‍ മനപ്പൂര്‍വം കേടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
അള്ളുവെച്ച് വാഹനങ്ങള്‍ കേടാക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ബസുകള്‍ കേടാക്കുന്നതിന് പിന്നില്‍ സമരക്കാരാണെന്നാണ് സൂചന.
ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റംവരുത്തിയ മാനേജ്‌മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് മെക്കാനിക്കല്‍ ജീവനക്കാര്‍ പണിമുടക്കുന്നത്. രാത്രിസമയം കൂടുതല്‍ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനാണ് ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിച്ച് സിംഗിള്‍ ഡ്യൂട്ടി കൊണ്ടുവരാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശം അംഗീകരിക്കാനാകില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാരുടെ നിലപാട്.
പണിമുടക്കിനെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടക്കാതെ നിരവധി സര്‍വീസുകളാണ് മുടങ്ങിയത്. വലിയ കുഴപ്പങ്ങളില്ലാത്ത ബസുകള്‍ നിരത്തിലിറക്കി പരമാവധി സര്‍വസുകള്‍ നടത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം തടയാന്‍ ബസുകള്‍ മനപ്പൂര്‍വം കേടാക്കുന്നതായാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
അതേസമയം ബസുകള്‍ കേടാക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും അത്തരത്തില്‍ ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടതെന്നും സമരക്കാര്‍ പറയുന്നു.