തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച സംഭവച്ചിട്ടില്ലെന്ന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ട്. ഗതാഗത തടസ്സവും ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ഇടപ്പെട്ടതെന്നാണ് കമ്മീഷണറുടെ വിശദീകരണം. സിറ്റി പൊലീസ് കമ്മീഷണര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉന്നയിക്കുന്നത്.
ഒരു സ്വകാര്യബസിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തുവെന്ന വിവരത്തെത്തുടര്‍ന്നാണ് സംഭവസ്ഥലത്ത് പൊലീസ് എത്തുന്നത്. ഒരു പൊലീസ് ഡ്രൈവറും എസ്‌ഐയും മാത്രമാണ് സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ കയ്യേറ്റം ചെയ്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്.
സമരത്തിനിടയില്‍ യാത്രക്കാരന്‍ തിരുവനന്തപുരം കടകംപളളി സ്വദേശി സുരേന്ദ്രന്‍ മരിച്ച സംഭവത്തിലും പോലീസ് വിശദീകരണം നല്‍കിയിട്ടുണ്ട്.സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയിട്ടില്ല. 3.07 നാണ് കണ്‍ട്രോള്‍ റൂമില്‍ കുഴഞ്ഞുവീണുവെന്ന വിവരം എത്തിയത്. 3.14 സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ച് ഒപിയെടുത്തു.സമരത്തെ തുടര്‍ന്ന് റോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതിനാല്‍ സംഭവസ്ഥലത്തേക്ക് ആംബുലന്‍സ് എത്തിക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടതായി വന്നു. അരകിലോമീറ്ററോളം ആംബുലന്‍സ് പിറകോട്ട് സഞ്ചരിച്ചാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്. അതിനാലുണ്ടായ സമയനഷ്ടം മാത്രമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും കമ്മീഷണര്‍ പറഞ്ഞു.