ഗതാഗതം തടസപ്പെടുത്തിയത് തെറ്റ്, ഗാരേജില്‍ കിടന്ന ബസുകള്‍ പോലും റോഡിലിറക്കി; ആര്‍ടിഒ

തിരുവനന്തപുരം: തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. വാഹനങ്ങള്‍ ഉപയോഗിച്ച് ഗതാഗതം തടസപ്പെടുത്തിയത് തെറ്റാണ്. ഗാരേജില്‍ കിടന്ന ബസുകള്‍ പോലും റോഡിലിറക്കിയാണു ഗതാഗതം തടസ്സപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ആറ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആര്‍ടിഒ റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിര്‍ദേശം നല്‍കി. ബസുകള്‍ നിരത്തില്‍ നിര്‍ത്തിയിട്ടതും ഗതാഗതം സ്തംഭിപ്പിച്ചതും തെറ്റാണെന്നും ഇത്തരം പ്രവണതകള്‍ അതീവ ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കലക്ടറുടെ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

അതേസമയം കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്കിനെ തുടർന്ന് ഒരാൾ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് ജില്ലാ കളക്ടർ ഇന്ന് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകും. കെഎസ്ആര്‍ടിസി എംഡിയോടും പൊലീസ് കമ്മിഷണറോടും ജില്ലാ കളക്ടർ സംസാരിച്ചു. മിന്നൽ സമരങ്ങളോ പൊതുനിരത്തു കയ്യേറിയുള്ള സമരങ്ങളോ അനുവദിക്കില്ലെന്ന് കലക്ടർ പറഞ്ഞു.

യാത്രക്കാരന്‍ കുഴഞ്ഞുവീണ മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതിനും സ്വകാര്യ ബസുടമകളുടെ പരാതിയിലും വാഹനഗതാഗതം തടസപ്പെടുത്തിയതിനും സമരക്കാര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. തമ്പാനൂര്‍, ഫോര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.കെഎസ്ആര്‍ടിസി ജീവനക്കാരുടെ നടപടിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡിടിഒ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണു കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കി നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Top