തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് റോഡ് ഗതാഗതം തടസപ്പെടുത്തി കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്തിയ മിന്നല്‍ സമരത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങുമെന്ന് യൂണിയനുകള്‍. ജീവനക്കാരെ ഒറ്റുകൊടുക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം തുടര്‍ നടപടികളെടുക്കുമെന്നും കെഎസ്ആര്‍ടിഇഎ ജന.സെക്രട്ടറി ഹരികൃഷ്ണന്‍ പ്രതികരിച്ചു.
ഏകപക്ഷീയ നടപടി അംഗീകരിക്കില്ലെന്ന് ടിഡിഎഫും നിലപാട് വ്യക്തമാക്കി. ജിവനക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ പണിമുടക്കിലേക്ക് നീങ്ങേണ്ടി വരുമെന്ന് ടിഡിഎഫും പ്രതികരിച്ചു.ഭരണ-പ്രതിപക്ഷ ഭേദമില്ലാതെയാണ് യൂണിയനുകള്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെതിരെ രംഗത്തെത്തിയത്.
അതേസമയം തലസ്ഥാനത്തെ അഞ്ച് മണിക്കൂര്‍ ദുരിതത്തിലാക്കിയ മിന്നല്‍ പണിമുടക്ക് സംബന്ധിച്ച് ജില്ലാ കളക്ടര്‍ നാളെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.കെഎസ്ആര്‍ടിസിയില്‍ എസ്മ ബാധകമാക്കണമെന്നാണ് കളക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്.
സ്വകാര്യബസിന്റെ ക്രമക്കേട് തടഞ്ഞ ഡിടിഒ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണു കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. തലസ്ഥാന നഗരത്തെ ആറ് മണിക്കൂറോളം നിശ്ചലമാക്കി നടുറോഡില്‍ ബസുകള്‍ നിരയായി നിര്‍ത്തിയിട്ട് ദേശീയപാത വഴിയുള്ള ഗതാഗതം തടസപ്പെടുത്തിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.