റൂട്ട് റാഷണലൈസേഷന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷന്റെ രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് കെഎസ്ആര്‍ടിസി. കൊല്ലം ജില്ലയില്‍ 1,90,542 രൂപയും പത്തനംതിട്ട ജില്ലയില്‍ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കാന്‍ കഴിഞ്ഞതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സര്‍വീസുകള്‍ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതല്‍ സര്‍വീസ് നടത്തിയാണ് റൂട്ട് റാഷണലൈസേഷന്‍ നടപ്പാക്കിയത്. ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒരു ദിവസത്തെ ചെലവില്‍ ലാഭിക്കാന്‍ കഴിഞ്ഞത് 3.66 ലക്ഷം രൂപയാണെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു.

ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായ ശേഷം തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി റൂട്ട് റാഷണലൈസേഷന്‍ നടപ്പാക്കിയത്. തിരുവനന്തപുരത്തെ 30 ദിവസത്തെ ലാഭം 98,94,930 ആണ്. അതേസമയം കൊല്ലത്തും പത്തനംതിട്ടയും ഒരു ദിവസത്തെ ചെലവില്‍ ലാഭിച്ചത് 3,66,347 രൂപയാണ്. 12,796 കിലോമീറ്റര്‍ ആണ് കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മാത്രം ഡെഡ് കിലോമീറ്റര്‍ ആയി കണ്ടെത്തിയത്. ഇത്രയും ഡെഡ് കിലോമീറ്റര്‍ ഒഴിവാക്കുന്നതിലൂടെ 3311.45 ലിറ്റര്‍ ഡീസല്‍ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ലാഭിക്കാം. കൂടാതെ ഒരു കിലോമീറ്ററിന് 4 രൂപ സ്‌പെയര്‍പാര്‍ട്‌സിനും മെറ്റീരിയലുകള്‍ക്കുമായി അനുബന്ധ ചെലവുകളുമുണ്ട്. അതിലൂടെ 51,182 രൂപ ലാഭിക്കാന്‍ കഴിയും. പ്രതിദിന ലാഭം 3,66,347 രൂപ എന്നത് ഒരു മാസത്തേക്ക് കണക്കാക്കിയാല്‍ ആകെ ലാഭം 1,09,90,410 രൂപയാണെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല എന്നീ നാല് ക്ലസ്റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസര്‍മാരുമായും കെഎസ്ആര്‍ടിസി ചെയര്‍മാന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓപ്പറേഷന്‍സ് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തിയാണ് രണ്ടാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. അതേസമയം ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടം തൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്യുന്ന ഒരു സര്‍വീസ് പോലും റദ്ദാക്കിയിട്ടില്ലെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കി. എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷന്‍ പൂര്‍ത്തിയാകുന്നതോടെ വലിയ ലാഭമുണ്ടാകുമെന്നാണ് കെഎസ്ആര്‍ടിസിയുടെ കണക്കുകൂട്ടല്‍.

Top