കെഎസ്ആർടിസി ജീവനക്കാർക്ക് ആശ്വാസം, ശമ്പള വിതരണം ഇന്നു തന്നെ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് വഴിയൊരുങ്ങുന്നു.മാനേജ്‌മെന്റ് 50 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്ത സാഹചര്യത്തിലാണിത്. നേരത്തേ സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു.ഇതും കെഎസ്ആര്‍ടിസിയുടെ കയ്യിലുള്ള നീക്കിയിരിപ്പും ചേര്‍ത്ത് ഇന്നു തന്നെ ശമ്പളം വിതരണം ചെയ്‌തേക്കും.ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ഇന്ന് തന്നെ ശമ്പളം നല്‍കും. നാളെയോടെ ശമ്പളവിതരണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് മാസത്തെ ശമ്പളം ഏപ്രില്‍ 19നാണ് വിതരണം ചെയ്തത്. 45 കോടി രൂപ ഓവര്‍ഡ്രാഫ്‌റ്റെടുത്താണ് കഴിഞ്ഞ മാസം ശമ്പള പ്രതിസന്ധി മറികടന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യാമെന്ന് ശമ്പള പരിഷ്‌കരണ കരാര്‍ ഒപ്പിടുന്ന വേളയില്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ശമ്പള വിതരണം വൈകുന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനുകള്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയാണ്.

Top