അന്തഃസംസ്ഥാന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ കരാറിനെടുത്ത് ഓടിക്കാന്‍ കെഎസ്ആര്‍ടിസി

സൂപ്പര്‍ക്ലാസ് ബസുകളുടെ കുറവുമൂലം സര്‍വീസ് തുടങ്ങാനാവാത്ത അന്തഃസംസ്ഥാന റൂട്ടുകളില്‍ സ്വകാര്യബസുകള്‍ കരാറിനെടുത്ത് ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി. 24 റൂട്ടുകളിലാണ് ആദ്യഘട്ടത്തിലെ ഓട്ടം. ഇതില്‍ 11 എണ്ണവും വരുമാനമേറെയുള്ളബെംഗളൂരു റൂട്ടിലാണ്. കരാര്‍ വ്യവസ്ഥയില്‍ (എന്‍.സി.സി.) മൊത്തം ചെലവ് സര്‍വീസ് നടത്താനാണ് സ്വകാര്യബസുകളുമായി കെ.എസ്.ആര്‍.ടി.സി. ഉടമ്പടി.

395 സര്‍വീസുകള്‍ വരെ തമിഴ്‌നാട് സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍പ്രകാരം കെ.എസ്.ആര്‍.ടി.സി.ക്ക് തമിഴ്‌നാട്ടിലേക്ക് നടത്താം. വണ്ടികളുടെ കുറവുമൂലം 305 ബസുകള്‍മാത്രമാണ് ഓടുന്നത്. ഇവിടേക്ക് 12 റൂട്ടുകളില്‍ സ്വകാര്യ കരാര്‍ ബസുകള്‍ നിരത്തിലിറക്കാനാണ് തീരുമാനം. ഇതോടെ, തമിഴ്‌നാട്ടിലേക്ക് ഓടുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളുടെ എണ്ണം 317 ആയി ഉയരും.

കര്‍ണാടകയിലെ വിവിധയിടങ്ങളിലേക്ക് 358 വണ്ടികള്‍ ഓടിക്കാനാണ് കരാറുണ്ടാക്കിയിട്ടുള്ളത്. നിലവില്‍ 289 കെ.എസ്.ആര്‍.ടി.സി. സര്‍വീസുകളേ ഓടുന്നുള്ളൂ. ബാക്കിവരുന്ന 69-ല്‍ 12 സര്‍വീസുകളാണ് സ്വകാര്യ ബസുകള്‍ക്ക് നല്‍കുക. ഇതോടെ, കര്‍ണാടകത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. ഓടിക്കുന്ന സര്‍വീസുകളുടെ എണ്ണം 301 ആകും. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ ബസുകള്‍ കരാറിലെടുക്കാനാണ് ധാരണയെന്ന് കെ.എസ്.ആര്‍.ടി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) പറഞ്ഞു. ജീവനക്കാര്‍ക്കുള്ള യൂണിഫോം, ടിക്കറ്റ് യന്ത്രം എന്നിവ കെ.എസ്.ആര്‍.ടി.സി. നല്‍കും. ടിക്കറ്റ് നിരക്കിനൊപ്പം പിരിക്കുന്ന സെസ് അടക്കമുള്ള നികുതികള്‍ സര്‍ക്കാരിലേക്ക് ഈടാക്കിയശേഷമാകും ഉടമയ്ക്കുള്ള പ്രതിഫലം ലഭിക്കുക. ഡിസംബറോടെ ബസുകള്‍ നിരത്തിലിറക്കാനാണ് തീരുമാനം.

മൂന്നുവര്‍ഷ കരാറിനാണ് ബസുകള്‍ എടുക്കുക. യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നവര്‍ക്ക് ഏഴുവര്‍ഷത്തേക്ക് കരാര്‍ നീട്ടിനല്‍കുന്നതും പരിഗണനയിലുണ്ട്. വൈകാതെ ഹൈദരാബാദ്, ചെന്നൈ, മധുര റൂട്ടുകളിലേക്കും കൂടുതല്‍ കരാര്‍ ബസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ടെന്നും കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു.

സ്വകാര്യ ബസുകള്‍ക്കായി അനുവദിക്കുന്ന റൂട്ടുകള്‍

• എറണാകുളത്തുനിന്ന്: പോണ്ടിച്ചേരി, മധുര, ചെന്നൈ, സുള്ള്യ, വേളാങ്കണ്ണി, സേലം, മണിപ്പാല്‍, കൊല്ലൂര്‍.

• കാസര്‍കോട്ടുനിന്ന്: ബെംഗളൂരു (മംഗളൂരു വഴി), ബെംഗളൂരു (സുള്ള്യ വഴി), മൈസൂരു.

• തൃശ്ശൂരില്‍നിന്ന്: ബെംഗളൂരു (സേലം വഴി), ബെംഗളൂരു (ഗൂഡല്ലൂര്‍ വഴി).

• മറ്റു റൂട്ടുകള്‍: പയ്യന്നൂര്‍, തലശ്ശേരി, കണ്ണൂര്‍, മൂന്നാര്‍, പാല, കോട്ടയം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍നിന്ന് ബെംഗളൂരു, ചങ്ങനാശ്ശേരി-വേളാങ്കണ്ണി, പത്തനംതിട്ട-മൈസൂരു, കണ്ണൂര്‍-മധുര.

Top