കൊച്ചി: കെഎസ്ആര്‍ടിസിയില്‍ രണ്ടു ദിവസത്തിനകം കണ്ടക്ടര്‍മാരെ നിയോഗിക്കണമെന്ന് ഹൈക്കോടതി. അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമനം നല്‍കാന്‍ എന്താണ് താമസമെന്നും പുതിയ ജീവനക്കാര്‍ക്ക് പരിശീലനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. സ്ഥിരം ജീവനക്കാരുടെ ജോലി സമയം കൂട്ടുമെന്നും അധിക ജോലിക്ക് അധിക വേതനം നല്‍കുമെന്നും തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്. ലൈസന്‍സുള്ള മെക്കാനിക്കല്‍ ജീവനക്കാരെ കണ്ടക്ടര്‍മാരാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും തച്ചങ്കരി പറഞ്ഞു.
താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം കെഎസ്ആര്‍ടിസി ഗുരുതര പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്നും പറഞ്ഞിരുന്നു. ഇതുവരെ 184 സര്‍വീസുകള്‍ റദ്ദാക്കിയെന്നും ഇനിയും റദ്ദാക്കേണ്ടി വരുമെന്നും ഇത് ശബരിമല സര്‍വീസുകളെയും ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.