യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി സമരം; ജില്ലകളില്‍ നാമമാത്ര സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആര്‍ടിസി യൂണിയനുകളുടെ പണിമുടക്ക് തുടരുന്നു. ഒരു വിഭാഗം ജീവനക്കാര്‍ ഹാജരായെങ്കിലും സര്‍വീസ് സാധാരണ നിലയിലേക്കെത്തിയില്ല. എഐടിയുസി, ടിഡിഎഫ് സംഘടനകളാണ് സമരരംഗത്ത് തുടരുന്നത്. പലയിടങ്ങളില്‍ നിന്നുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ കുറഞ്ഞു.

എറണാകുളം ഡിപ്പോയില്‍ നിന്ന് ഇന്ന് സര്‍വീസുകള്‍ പുറപ്പെട്ടില്ല. തിരുവനന്തപുരത്ത് നിന്ന് ഇതുവരെ 94 സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തലസ്ഥാനത്ത് യാത്രക്കാര്‍ കുറവായ സ്ഥലങ്ങളില്‍ ബസുകള്‍ പിന്‍വലിച്ച് സര്‍വീസുകള്‍ ക്രമീകരിക്കുകയാണ്. സിറ്റി സര്‍വീസുകള്‍ മെഡിക്കല്‍ കോളജ് ആര്‍സിസി വഴി തിരിച്ചുവിടുകയാണ്.

കൊല്ലത്ത് ഇന്ന് 29 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് 18 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയില്‍ രണ്ട് ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ എട്ട് സര്‍വീസുകളാണ് ഇന്ന് നടന്നത്.

അതേസമയം എറണാകുളത്ത് ഇന്ന് ഒരു സര്‍വീസ് മാത്രമാണ് കെഎസ്ആര്‍ടിസി നടത്തിയത്. പിറവത്തില്‍ നിന്ന് ഹൈക്കോടതി റൂട്ടിലാണ് സര്‍വീസ് നടത്തിയത്. തൃശൂര്‍ ജില്ലയില്‍ ആകെ നാല് സര്‍വീസുകളാണ് ഇന്ന് നടത്തിയത്. രണ്ടും മെഡിക്കല്‍ കോളജ് ഓര്‍ഡിനറി സര്‍വീസുകളാണ്.

മലപ്പുറത്ത് 114 സര്‍വീസുകളില്‍ ഏഴ് ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. കോഴിക്കോട് ജില്ലയില്‍ ബംഗളൂരുവിലേക്കുള്ള രണ്ട് ബസുകള്‍ മാത്രം സര്‍വീസ് നടത്തി. കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഭാഗികമായി നടത്തി. ജില്ലയില്‍ ആകെയുള്ള 70 ഷെഡ്യൂളുകളില്‍ 17 ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

വയനാട്ടില്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് അഞ്ച് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി ഡിപ്പോയില്‍ നിന്ന് ബസ് സര്‍വീസ് ഇല്ല. കാസര്‍ഗോഡ് 23 സര്‍വീസുകള്‍ മുടങ്ങി. ആകെ 62 ബസുകളാണ് സര്‍വീസ് നടത്തുന്നത്.

 

Top