തിരുവനന്തപുരം: മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് കെഎസ്ആര്‍ടിസി പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ ഉടന്‍ തിരിച്ചെടുക്കില്ല.
എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ഉത്തരവ് ഗതാഗത മന്ത്രി തോമസ് ചാണ്ടി മരവിപ്പിച്ചിരുന്നെങ്കിലും നിലവില്‍ ബോഡി നിര്‍മാണ ജോലികള്‍ നടക്കുന്നില്ലാത്തതിനാല്‍ ഇപ്പോള്‍ ഇവരെ തിരിച്ചെടുക്കാനാകില്ലെന്ന് എംഡി രാജമാണിക്യം മന്ത്രിയെ അറിയിച്ചു.
ഇപ്പോള്‍ ബോഡി നിര്‍മാണ ജോലികള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇത്രയധികം ജീവനക്കാരെ ജോലിയില്ലാതെ വെറുതെ നിര്‍ത്താനാകില്ല. സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്.
നിര്‍മാണ ജോലികള്‍ ആരംഭിക്കുന്ന സമയത്ത് ഇവരെ ജോലിക്കെടുക്കാനേ കഴിയുവെന്നും മന്ത്രിയെ അറിയിച്ചു.
ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ടിഡിഎഫ് (ഐഎന്‍ടിയുസി) 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.
ബുധനാഴ്ച രാവിലെ ടിഡിഎഫ് ഭാരവാഹികളുമായി നടന്ന മന്ത്രിതല ചര്‍ച്ചയില്‍ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുമെന്നതടക്കം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്.