തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്‌ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളുടെ എണ്ണം കുറയ്‌ക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു.
നിലവില്‍ 93 വര്‍ക്ക്‌ഷോപ്പുകളാണ് കെഎസ്‌ആര്‍ടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്‌ക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ ഗതാഗത വകുപ്പ് മാത്രമല്ല കെഎസ്‌ആര്‍ടിസിയുടെ പേരില്‍ ഗതാഗത വകുപ്പിനെ തള്ളി പറയരുതെന്നും മന്ത്രി സഭയില്‍ പ്രതിപക്ഷത്തോട് പറഞ്ഞു. ഒപ്പം തന്നെ എഐ ക്യാമറകള്‍ സ്‌ഥാപിക്കുന്നത് ജനങ്ങളെ ഉപദ്രവിക്കാനല്ലെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കെഎസ്‌ആര്‍ടിസിയില്‍ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും, അതല്ലാതെ കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാന്‍ മറ്റ് വഴികള്‍ ഇല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ നിയമസഭയില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിനായി വീണ്ടും തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.