തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ ഇന്നു മുതൽ സമരത്തിൽ. കെഎസ്ആർടിസി ആസ്ഥാനത്ത് സിഐടിയു, ഐഎൻടിയുസി സംഘടനകൾ തിങ്കളാഴ്ച അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കും. ശമ്പളം കിട്ടുന്നതുവരെ സമരം തുടരും.
ബസ് സർവീസുകളെ ബാധിക്കാത്ത വിധമാണ് സമരം. ബിഎംഎസ് സെക്രട്ടേറിയറ്റിനു മുന്നിലും കെഎസ്ആർടിസിയുടെ ജില്ലാ ആസ്ഥാനങ്ങളിലും നാളെ അനിശ്ചിതകാല ധർണ ആരംഭിക്കും.
ഐഎൻടിസി യൂണിയന്റെ സമരം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിഐടിയു യൂണിയന്റെ സമരം സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്യും.
മെയ് മാസം 193 കോടി രൂപയുടെ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. സംസ്ഥാന സർക്കാർ 50 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നിട്ടും എല്ലാ ബാധ്യതകളും കൊടുത്തു തീർത്തശേഷമേ ശമ്പളം നൽകൂ എന്ന മാനേജ്‌മെന്റിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് തൊഴിലാളി യൂണിയനുകൾ അഭിപ്രായപ്പെട്ടു.