തിരുവനന്തപുരം: ശമ്പള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി തൊഴിലാളികൾ പണിമുടക്കുന്നു. പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ 24 മണിക്കൂർ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.
ഐഎൻടിയുസി ഉൾപ്പെട്ട ടിഡിഎഫ്., ബിഎംഎസ്, എഐടിയുസി എന്നിവരാണ് സമരത്തിലുള്ളത്. സിഐടിയു സമരത്തിൽ പങ്കെടുക്കുന്നില്ല. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്‌മെന്റും നടത്തിയ ചർച്ച പരാജയമായതോടെയാണ് ഇന്നലെ വൈകിട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്.
സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സമരത്തെത്തുടർന്ന് കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയതിനെത്തുടർന്ന് ജനം വലഞ്ഞു. തിരുവനന്തപുരം തമ്പാനൂർ ടെർമിനലിൽ നിന്നുള്ള പത്തോളം സർവീസുകളാണ് മുടങ്ങിയത്. വടകരയിൽ നിന്നുള്ള 11 സർവീസുകൾ റദ്ദാക്കി. കോഴിക്കോട് നിന്ന് ഒരു സർവീസ് മാത്രമാണ് നടത്തിയത്.
സംസ്ഥാനത്ത് 93 യുണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഭരണാനുകൂല സംഘടനയായ സി ഐ ടി യു സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങുന്നത് യാത്രാ പ്രതിസന്ധി രൂക്ഷമാകും. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.