തൃശ്ശൂര്‍: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ ഫ്ളക്സില്‍ കരി ഓയില്‍ ഒഴിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍. ശ്രീ കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് മന്ത്രി ആര്‍.ബിന്ദുവിന്റെ ഇടപെടല്‍ മൂലമാണെന്നാരോപിച്ച് കെ.എസ്.യു ആര്‍. ബിന്ദുവിന്റെ ഫ്ളക്സ് ബോര്‍ഡില്‍ കരിയോയില്‍ ഒഴിച്ചു. അയ്യന്തോള്‍ കളക്ടറേറ്റിനു മുന്നിലെ ഫ്ളക്സില്‍ ആണ് കരിയോയില്‍ ഒഴിച്ചത്. കേരളവര്‍മ്മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച നവകേരള സദസിന്റെ ഹോഡിങ്ങില്‍ ആര്‍ ബിന്ദുവിന്റെ ചിത്രത്തിലാണ് കരിയോയില്‍ ഒഴിച്ചത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അരുണ്‍ രാജേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സുദേവ് എന്നിവരുടെ നേതൃത്വത്തിലാണ് കരിയോയില്‍ ഒഴിച്ചത്. വരും ദിവസങ്ങളില്‍ മന്ത്രിയെ വഴിയില്‍ തടയുമെന്നും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. കോളജില്‍ തെരഞ്ഞെടുപ്പ് വീണ്ടും നടത്താമെന്ന് ആവശ്യപ്പെട്ടുള്ളകെ.എസ്.യുവിന്റെ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
അതേസമയം എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് ആര്‍ഷോ പുറത്തുവിട്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച ടാബുലേഷന്‍ ഷീറ്റ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും കെ.എസ്.യു ആരോപിച്ചു. അധ്യാപകര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചത് എന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയറിന്റെ ആരോപണം. കേരളത്തില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ നോക്കുമ്പോള്‍ ക്യാമ്പസുകളില്‍ ധ്വംസിക്കാനുള്ള നീക്കമാണ് എസ്. എഫ്. ഐ നടത്തുന്നത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവറലി തങ്ങള്‍ പ്രതികരിച്ചു.