തിരുവനന്തപുരത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിവരുന്ന മാര്‍ച്ച് അക്രമാസക്തമായി. ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്ന കെഎസ്‌യു പ്രവര്‍ത്തകര്‍ നഴ്സിംഗ് കോളേജ് അടിച്ചു തകര്‍ത്തതായി പരാതി. പാറ്റൂരിലെ ടിമെറ്റ് നഴ്സിംഗ് കോളേജിലാണ് കെ എസ്‌യു പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ പ്രിന്‍സിപ്പാളിന് പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാവുകയും ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കം നിരവധി പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് കെഎസ്‌യു വിദ്യാഭ്യസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ടിമെറ്റ് നഴ്സിംഗ് കോളേജിലെ കെഎസ്‌യു വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരവുമായെത്തി. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ അസഭ്യം പറയുകയും കോളേജിലെ ചില്ലുകള്‍ അടിച്ച് പൊട്ടിക്കുകയും ചെയ്തു.
സമരാനുകൂലികള്‍ ഫസ്റ്റ് ഇയര്‍ കുട്ടികളെ അക്രമിക്കുന്നത് തടയാനെത്തിയതായിരുന്നു കോളേജ് പ്രിന്‍സിപ്പാള്‍ സുലൈഖാ റഷീദ്. പുറത്തു നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് രംഗം വഷളാക്കുകയായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
തുടര്‍ന്ന് അക്രമം നടത്തി കോളേജിന് നാശനഷ്ടങ്ങള്‍ വരുത്തിയ കോളേജിലെ പതിനഞ്ചോളം കുട്ടികളെ സസ്പന്റ് ചെയ്യാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.