തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്. വെറ്ററനറി സര്‍വകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്ററനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു പ്രതിഷേധ മാര്‍ച്ച്.
സിദ്ധാര്‍ഥന്റെ മരണത്തിനെതുടര്‍ന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി എന്നിവര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
എസ്.എഫ്.ഐ അരും കൊല ചെയ്ത സിദ്ധാര്‍ഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാര്‍ഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീന്‍ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേര്‍ക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.