‘ചെയര്‍മാന്‍ മാറ്റി ചെയര്‍പേഴ്‌സണ്‍’ എന്ന് പുനര്‍നാമകരണം ചെയ്യണം; സര്‍വകലാശാലകള്‍ക്ക് കത്തയച്ച് കെഎസ്‌യു നേതാവ്

കൊച്ചി: സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചെയര്‍മാന്‍ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ചെയര്‍പേഴ്‌സണ്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി കെ.എസ്.യു. ഇക്കാര്യമാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ സര്‍വകലാശാളകള്‍ക്ക് കത്തയച്ചു. ചെറിയ ചെറിയ തിരുത്തലുകള്‍ അനിവാര്യമാണെന്ന് ആന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

‘കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴിലെ കലാലയ യൂണിയന്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലും, നാമനിര്‍ദ്ദേശപത്രികയിലും ‘ചെയര്‍മാന്‍’ എന്ന പദം ഉപയോഗിച്ചു കാണുന്നു. കാലാനുസൃതമായ മാറ്റം ഉള്‍കൊണ്ട് എം. ജി. സര്‍വകലാശാല തുടങ്ങി മറ്റും സര്‍വകലാശാലകള്‍ 2021-22 അധ്യയന വര്‍ഷം മുതല്‍ ‘ചെയര്‍പേഴ്‌സണ്‍’ എന്ന പദം ഉപയോഗിച്ച് വരുന്ന സാഹചര്യത്തില്‍, ഇതേ മാറ്റം എല്ലാ സര്‍വകലാശാലകളും ഉള്‍കൊള്ളേണ്ടിയിരിക്കുന്നു’- ആന്‍ സെബാസ്റ്റ്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സംസ്ഥാനവ്യാപകമായി ലിംഗ സമത്വത്തിനും ലിംഗ നീതിക്കുമായി സാമൂഹികവും നിയമപരവുമായി നടക്കുന്ന ഇതരത്തിലുള്ള ചെറിയ ശ്രമങ്ങള്‍ തന്നെ വലിയ മാറ്റത്തിന് വഴി തെളിയിക്കുന്നുണ്ട്, ആ സാഹചര്യത്തില്‍ ‘ചെയര്‍മാന്‍’ എന്ന പദം ‘ചെയര്‍പേഴ്‌സണ്‍’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്ന് സര്‍വകലാശാല അധികൃതര്‍ക്ക് അയച്ച കത്തില്‍ കെഎസ്‌യു ആവശ്യപ്പെട്ടു.

Top