പാലക്കാട്: ലൈംഗീകാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശി രാജിവെക്കണമെന്നാവശ്യപ്പെട്ട് ചെര്‍പ്പുളശേരിയില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. മാര്‍ച്ചിനിടെ പൊലീസ് ലാത്തിയടിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനാണ് പരുക്കേറ്റത്. പരുക്കേറ്റ അഭിജിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പി.കെ.ശശി എംഎല്‍എ സ്ഥാനം ഒഴിയണമെന്നും ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതിയില്‍ കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് ശശിയ്‌ക്കെതിരെ പൊലീസ് അന്വേഷണം നടത്തണമെന്നും രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു.
മാര്‍ച്ച് സമരഗേറ്റില്‍ പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.