സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് അഴിഞ്ഞാട്ടം; കെ എസ് യു സമരത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കെ എസ് യു സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് നടന്നത് ആസൂത്രിതമായ അക്രമമാണ്. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. പൊലീസ് ആത്മസംയമനം പാലിക്കുകയാണ് ചെയ്തത്. എന്നാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് അഴിഞ്ഞാട്ടമാണ്. പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന സംഭവമാണ് ഇന്ന് ഉണ്ടായത്.
ചില ദുഷ്ട ശക്തികള്‍ ഗൂഢമായ നീക്കം നടത്തുന്നു. എന്നാല്‍ ഇതൊന്നും സര്‍ക്കാരിനെ ബാധിക്കില്ല. സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇന്ന് ഉണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, നെയിം ബോര്‍ഡ് പോലും ധരിക്കാത്ത പോലീസുകാരാണ് സെക്രട്ടറിയേറ്റിന് അകത്തും പുറത്തും കെ.എസ്.യുവിന്റെ സമരത്തെ നേരിട്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. പെണ്‍കുട്ടികളെ പുരുഷന്‍മാരായ പോലീസുകാര്‍, കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞാണ് മര്‍ദ്ദിച്ചത്. ഫൈബര്‍ ലാത്തി പൊട്ടുന്നത് വരെ കെ.എസ്.യു പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Top