കോഴിക്കോട്: കോഴിക്കോട് കമ്മിഷണര്‍ ഓഫീസിലേക്ക് കെ.എസ്.യു മാര്‍ച്ച് നടത്തി. പിന്നീട് റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപിച്ച് നടത്തിയ ധര്‍ണയ്ക്കു നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
കോഴിക്കോട് ജില്ലയില്‍ നടന്ന ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസം കെ.എസ്.യു. പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് ധര്‍ണ നടത്തിയിരുന്നു.
ഈ ധര്‍ണയ്‌ക്കെത്തിയ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസ് പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചു, ജയിലില്‍ അടച്ചു എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫീസിലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ റിമാന്‍ഡിലാണ്.
ഇന്ന് പ്രതിഷേധത്തിനെത്തിയ പ്രവര്‍ത്തകരെ തടയാന്‍ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇത് മറികടക്കാനും പ്രവര്‍ത്തകരുടെ നീക്കമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പത്തുമിനിറ്റോളം നീണ്ട ഉപരോധത്തിന് പിന്നാലെ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് നീക്കംചെയ്യാന്‍ പോലീസ് തീരുമാനിച്ചു. ഇതിനെ പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു.