തൃശൂര്‍: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം.
എസ്.എഫ്.ഐ, കെഎസ്.യു സംഘടനകളുടെ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ കോളേജ് ക്ലാസ് മുറികളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു.
പൊലീസ് വലയംഭേദിച്ച് വിദ്യാര്‍ഥികള്‍ ക്യാംപസിനുള്ളില്‍ കടന്നു. ഓഫീസ് കെട്ടിടത്തിലെ മുറികള്‍ മുഴുവന്‍ അടിച്ചുതകര്‍ത്തു. ക്ലാസ് മുറികളും അടിച്ചുതകര്‍ത്തു.
കോളേജില്‍ നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘത്തിനു നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. കോളേജ് കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കുന്നംകുളം പൊലീസ് സ്‌റ്റേഷനിലെ ജീപ്പിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. പൊലീസ് ലാത്തി വിശി.
കോളേജ് ഓഫീസ് കെട്ടിടവും എല്ലാ ക്ലാസ് മുറികളും പൂച്ചട്ടികളും അടിച്ചു തകര്‍ത്തു.
കൂടുതല്‍ പൊലീസ് കോളേജിലേക്ക് എത്തി. തൃശൂര്‍ പഴയന്നൂരിനടുത്ത് പാമ്പാടി നെഹ്‌റൂ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹതയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം.
പാമ്പാടിയിലെ നെഹ്‌റൂ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും നാദാപുരം സ്വദേശിയുമായ ജിഷ്ണു പ്രണോയിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി പരീക്ഷ ആരംഭിച്ച വെള്ളിയാഴ്ച വൈകിട്ടാണ് ജിഷ്ണു മരിച്ചത്. കോളേജ് അധികൃതര്‍ ജിഷ്ണുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും സമഗ്രമായ ,അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു