മധുവിനും ശ്രീജിത്തിനും കെവിനും ശേഷം ഇനി ആര്? : കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്

kevin abi

കോഴിക്കോട്: കോട്ടയത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ നടന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പ് ഒഴിയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. പൊലീസ് കുറ്റവാളികള്‍ക്കൊപ്പം നിന്നതാണ് കെവിന്റെ കൊലപാതകത്തിന് കാരണമായത്. വിഷയത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കെവിന്റെ മരണം ഒഴിവാക്കാമായിരുന്നെന്നും അഭിജിത്ത് പറഞ്ഞു.

പൊലീസിന്റെ അനാസ്ഥ കാരണം മരണപ്പെട്ട മധുവിനും ശ്രീജിത്തിനും കെവിനും ശേഷം ഇനി സംസ്ഥാനത്തു കൊല്ലപ്പെടുന്നത് ആര് എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിനോട് പൊലീസിനു പുല്ലുവിലയാണന്നും ആഭ്യന്തരവകുപ്പ് പദവിയിലിരിക്കുന്ന കോമാളിയായി മുഖ്യമന്ത്രി മാറിയെന്നും അഭിജിത്ത് പറഞ്ഞു.

നിപയുടെ പശ്ചാത്തലത്തില്‍ വിദഗ്ദ സമിതി പരിശോധിച്ചു വ്യക്തത വരുത്തിയതിനു ശേഷമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവൂവെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും അഭിജിത്ത് അറിയിച്ചു.

കേരള സര്‍വ്വകലാശാലയുടെ ചട്ടങ്ങളില്‍ ദേദഗതി നടത്തി മന്ത്രി ജി സുധാകരന്റെ ഭാര്യയെ നിയമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ഗവര്‍ണര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. വിരമിച്ച അധ്യാപകരെ സര്‍വ്വകലാശാലയില്‍ ഡയറക്ടറായി നിയമിക്കുന്നത് പുനപരിശോധിക്കണമെന്നും യോഗ്യതയുള്ള മറ്റു അധ്യാപകര്‍ക്ക് പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിജിത് കൂട്ടിച്ചേര്‍ത്തു.

Top