ദില്ലി: ടോക്യോ ഒളിംപിക്സിലെ മോശം പ്രകടനത്തിന് കാരണം പ്രതികൂല കാലാവസ്ഥയെന്ന് മലയാളി താരം കെ ടി ഇര്‍ഫാന്‍. ദില്ലി വിമാനത്താവളത്തില്‍ ലഭിച്ച സ്വീകരണം അമ്പരിപ്പിച്ചുവെന്ന് ഇര്‍ഫാന്‍ പറഞ്ഞു. വരും മത്സരങ്ങളെ കുറിച്ചുള്ള ശുഭ പ്രതീക്ഷകളും താരം പങ്കുവെച്ചു. ഒളിംപിക്സിലെ 20 കി.മീ നടത്തത്തില്‍ പങ്കെടുത്ത അമ്പത്തിരണ്ട് പേരില്‍ 51-ാം സ്ഥാനത്താണ് കെ ടി ഇര്‍ഫാന്‍ മത്സരം പൂര്‍ത്തിയാക്കിയത്.
പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനാകാത്തതില്‍ വില്ലനായത് കാലാവസ്ഥയാണ്. നല്ല ചൂടായിരുന്നു, മസിലിന് ചെറിയൊരു പിടുത്തമുണ്ടായിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് വിശ്വാസമുണ്ട്. ആദ്യമായി ഇന്ത്യക്ക് അത്ലറ്റിക് മെഡല്‍ ലഭിച്ച ടോക്യോ ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നും ഇര്‍ഫാന്‍ പറഞ്ഞു.
ടോക്യോയില്‍ തിരിച്ചടിയുണ്ടായെങ്കിലും വരും മത്സരങ്ങളില്‍ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് ഇര്‍ഫാന് ആത്മവിശ്വാസമുണ്ട്. മത്സരങ്ങള്‍ക്കായി ഒരുക്കങ്ങള്‍ വൈകാതെ തുടങ്ങാനാണ് തീരുമാനം. നീരജ് ചോപ്രയുടെ സ്വര്‍ണ മെഡല്‍ അത്ലറ്റുകള്‍ക്കെല്ലാം വലിയ പ്രചോദനമാകുമെന്നും ഇര്‍ഫാന്‍ പറയുന്നു.