കെ.ടി. അദീബിന്റെ രാജി സ്വീകരിക്കുമെന്ന് അബ്ദുള്‍ വഹാബ്

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീബിന്റെ രാജി സ്വീകരിക്കുമെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്. ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമനം വിവാദമായതിനേത്തുടര്‍ന്ന് ഞായറാഴ്ചയാണ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് അദീബ് രാജിവച്ചത്.

ആത്മാഭിമാനം മുറിപ്പെട്ട സാഹചര്യത്തിലാണു രാജിയെന്ന് അദീബ് രാജിക്കത്തില്‍ പറഞ്ഞിരുന്നു. തന്നെ സൗത്ത് ഇന്ത്യന്‍ ബാങ്കിലേക്കു തിരിച്ചയയ്ക്കണമെന്നും അദീബ് കത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി കെ.ടി.ജലീലിന്റെ പിതൃസഹോദരന്റെ ചെറുമകനാണ് കെ.ടി.അദീബ്.

കെ.ടി.അദീബിനെ യോഗ്യതയില്‍ ഇളവ് നല്‍കി ജലീല്‍ മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചെന്നാണ് ഉയര്‍ന്ന ആരോപണം. നിയമന അംഗീകാരത്തിനുള്ള ഫയല്‍ ധനവകുപ്പിന്റെ പരിഗണനയിലിരിക്കേ മറ്റൊരു അനുബന്ധ ഫയലുണ്ടാക്കി ബന്ധുവിനെ നിയമിക്കുകയായിരുന്നു എന്നും ആരോപണമുയര്‍ന്നിരുന്നു.

വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കിയിരുന്നു. കഞ്ഞികുടിക്കാന്‍ വകയില്ലാത്ത ആളല്ല അദീബ്. ഡെപ്യൂട്ടേഷന്‍ ഉപേക്ഷിച്ചാലും അദീപിന് ഇതിനെക്കാള്‍ ഉയര്‍ന്ന ശമ്പളുമുള്ള ജോലിയുണ്ടെന്നും ജലീല്‍ പറഞ്ഞിരുന്നു.

അതേസമയം, കോടതിയോ അന്വേഷണ ഏജന്‍സികളോ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മാത്രം ജലീലിനെതിരേ നടപടി ആലോചിച്ചാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട്. ജലീലിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

Top