തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ അഴിമതി നടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ.ടി.ജലീല്‍. അദീബിന്റെ നിയമനത്തില്‍ വീഴ്ചകള്‍ ഉണ്ടായിട്ടില്ലെന്നും ചട്ടങ്ങള്‍ മാറ്റിയത് കൂടുതല്‍ ആളുകള്‍ അപേക്ഷിക്കാനാണെന്നും മന്ത്രി പറഞ്ഞു.
നിരവധി ക്രമക്കേടുകള്‍ നടത്തി പിരിച്ചുവിട്ട ഉദ്യോഗസ്ഥനെ താന്‍ ഇടപെട്ട് തിരിച്ചെടുത്തിട്ടില്ല. കെ.എം. ഷാജി എംഎല്‍എയുടെ ആരോപണം അടിസ്ഥാനരഹിതമെന്നും അദ്ദേഹം പറഞ്ഞു.
അദീബിന്റേത് ഒരു വര്‍ഷത്തേക്കുള്ള താല്‍ക്കാലിക നിയമനം മാത്രമാണ്. സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും നിയമനം നടന്നിട്ടുണ്ട്. അതുകൊണ്ട് വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ല. ഉദ്യോഗസ്ഥനെ തിരിച്ചെടുത്തത് സാധാരണ നടപടിക്രമം മാത്രമാണ്. ആരോപണ വിധേയനായ യുഡി ക്ലര്‍ക്കിനെ തനിക്ക് ഒര്‍മ്മയില്ലെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ തണ്ണീര്‍ത്തടസംരക്ഷണനിയമം അട്ടിമറിച്ച ഉദ്യോഗസ്ഥനെ മന്ത്രി സംരക്ഷിച്ചുവെന്നാണ് ഷാജി എംഎല്‍എയുടെ ആരോപണം. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ ടെര്‍മിനേറ്റ് ചെയ്യുന്നതിനുള്ള ഉത്തരവ് 2017 ജൂണ്‍ എട്ടിനാണ് പുറത്തിറങ്ങിയത്. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ജൂണ്‍ 14ന് മന്ത്രി നിര്‍ദേശിച്ചുവെന്ന് ഷാജി ആരോപിച്ചു.