കെ.ടി. ജലീല്‍ പിതൃസഹോദര പുത്രനെ നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് ബോര്‍ഡ് ചെയര്‍മാന്‍

കോഴിക്കോട്: മന്ത്രി കെ.ടി. ജലീല്‍ പിതൃസഹോദര പുത്രനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചുതന്നെയെന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അബ്ദുള്‍ വഹാബ്. അപേക്ഷകരില്‍ യോഗ്യത ഉണ്ടായിരുന്നത് ജലീലിന്റെ ബന്ധുവായ അദീബിന് മാത്രമായിരുന്നുവെന്നും ഡെപ്യൂട്ടേഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് നിയമനം നടത്താന്‍ ചട്ടങ്ങളില്‍ തടസമൊന്നുമില്ലെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു.

അതേസമയം യോഗ്യതയുണ്ടായിട്ടും KSMDFC യില്‍ നിയമനം കിട്ടാത്തവരെ മുന്‍നിര്‍ത്തി കോടതിയെ സമീപിക്കുമെന്നും യൂത്ത് കോണ്‍ഗ്രസിനെ കൂടി പങ്കെടുപ്പിച്ച് പ്രക്ഷോഭം ശക്തമാക്കുമെന്നും യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അറിയിച്ചിരുന്നു.

സംസ്ഥാന മൈനോറിറ്റി ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നിന്ന് തെരഞ്ഞെടുത്ത ഏഴില്‍ അഞ്ച് പേര്‍ക്കും മതിയായ യോഗ്യതയുണ്ടായിരുന്നുവെന്ന് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യോഗ്യത ഇല്ലാത്ത രണ്ട് പേരില്‍ ഒരാളാണ് മന്ത്രിയുടെ ബന്ധുവും നിലവിലെ ജനറല്‍ മാനേജരും ആയ കെടി അദീബ് എന്നും ഫിറോസ് ആരോപിച്ചിരുന്നു.

അതേസമയം ബന്ധുനിയമനത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വവും അറിയിച്ചിട്ടുണ്ടായിരുന്നു. സത്യപ്രതിജ്ഞ ലംഘനത്തിനെതിരെ ഗവര്‍ണറെയും ബന്ധുനിയമനത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കോടതിയെയും സമീപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. ജലീല്‍ രാജിവെക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകും.

വായ്പ തിരിച്ചുപിടിക്കാന്‍ തുടങ്ങിയപ്പോഴാണ് ലീഗുകാര്‍ക്ക് പ്രശ്‌നമായതെന്ന ആരോപണം മന്ത്രി തെളിയിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു. ഇ.പി. ജയരാജന്റെ ആശ്രിത നിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭ യോഗത്തിലെടുത്ത തീരുമാനം അട്ടിമറിച്ചാണ് ജലീലിന്റെ നടപടിയെന്ന് മജീദ് പറഞ്ഞിരുന്നു.

Top