തിരുവനന്തപുരം: ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയില്‍ അതൃപ്തി അറിയിച്ച് കെ ടി ജലീല്‍. ഹരിത കമ്മിറ്റി പ്രവര്‍ത്തനം മരവിപ്പിച്ച നടപടി ദൗര്‍ഭാഗ്യകരം. പരാതി പിന്‍വലിക്കണമെന്ന ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു .
അതേസമയം ഹരിത കമ്മിറ്റി പ്രവര്‍ത്തനം മരവിപ്പിച്ച മുസ്ലീംലീഗ് എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിരിക്കുകയാണ്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് പാര്‍ട്ടി നിര്‍ദേശം. പികെ നവാസ്, കബീര്‍ കുത്തുപറമ്പ്, വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിന്റെ നടപടി.
എന്നാല്‍ വനിതാ കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിന്‍വലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു.