തീര്‍പ്പാകാത്ത ഫയലുകള്‍ കൈമാറണമെന്ന് ഉത്തരവിറക്കി; ജലീലിനെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം : സര്‍വകലാശാലകളുടെ സ്വയംഭരണാധികാരത്തില്‍ മന്ത്രി കെ ടി ജലീലിന്‍റെ ഇടപെടലിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദാലത്തുകളിലെ ഫയലുകള്‍ മന്ത്രിക്ക് കാണാൻ സൗകര്യമൊരുക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നിരവധി ഉത്തരവുകളിറക്കി. മന്ത്രിയുടെ ഇടപെടലുകളൊന്നും ഉണ്ടാകുന്നില്ല എന്ന് വൈസ് ചാൻസല‍ര്‍മാര്‍ ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന രേഖകളും പുറത്ത്.

അദാലത്തിലെ തീരുമാനങ്ങളുടെ വിശദാംശങ്ങളും അന്നേദിവസം അറിയിക്കണമെന്നും നിര്‍ദേശിച്ചു. സര്‍വകലാശാലകളുടെ സ്വയംഭരണത്തെ അട്ടിമറിക്കുന്നതാണ് നിര്‍ദേശം.

മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ താക്കീത് നല്‍കിയ സാഹചര്യത്തിലാണ് ഈ രേഖകള്‍ കൂടി പുറത്തുവരുന്നത്. സാങ്കേതിക സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തി തെളിവെടുക്കാനിരിക്കുകയാണ്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു ആരോപണം. അഞ്ചാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സാങ്കേതിക സര്‍വകലാശാല അപേക്ഷ തള്ളി.

തുടര്‍ന്ന് മന്ത്രിയെ വിദ്യാര്‍ത്ഥി സമീപിച്ചു. 2018 ഫെബ്രുവരി 28 ന് മന്ത്രി കെടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താൻ മന്ത്രി അദാലത്തില്‍ നിര്‍ദേശിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ വിദ്യാര്‍ത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സര്‍വകലാശാല വിശദീകരണമാണ് ഗവര്‍ണ്ണറുടെ സെക്രട്ടറി തള്ളിയത്.

Top