തിരുവനന്തപുരം: തനിക്ക് സ്വർണക്കള്ളക്കടത്തിൽ ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷമെന്ന് കെടി ജലീൽ. ഖുറാന്റെയും കാരക്കയുടെയും മറവിൽ സ്വർണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്താണെന്ന് പറഞ്ഞതിൽ സന്തോഷം. സ്വപ്നയും താനുമായി നടത്തിയിട്ടുള്ള വാട്സ് ആപ്പ് ചാറ്റുകൾ ഒരു വലിയ സ്ക്രീനിൽ തന്നെ കാണിച്ചതാണ്. യു എ ഇ ഭരണാധികാരിക്ക് ഒരു കത്തും താൻ അയച്ചിട്ടില്ല. തന്റെ മെയിൽ പരിശോധിച്ചാൽ വ്യക്തമാകും.
കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല. ഗൾഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ല.
കൊവിഡ് കാരണം മരിച്ചവരുടെ ചിത്രം വച്ച് മാധ്യമം ഒരു ഫീച്ചർ തയ്യാറാക്കിയിരുന്നു. പത്രത്തിൽ ഫോട്ടോ പ്രസിദ്ധീകരിച്ചതിനെതിരെ മരിച്ചവരുടെ പലരുടെയും ബന്ധുക്കൾ പ്രതിഷേധിച്ചു. ഗൾഫിൽ നിരവധി പേർ ചികിത്സ കിട്ടാതെ മരിച്ചുവെന്ന വാർത്തയും ചിത്രവും മാധ്യമം പ്രസിദ്ധീകരിച്ചതിന്റെ നിജസ്ഥിതി അറിയാൻ ഒരു വാട്സ്ആപ്പ് മെസേജ് അന്നത്തെ കോൺസുൽ ജനറലിന്റെ പിഎക്ക് വാട്സ്ആപ്പിൽ മെസേജ് അയച്ചു. പത്രം നിരോധിക്കണം എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഈ കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയതല്ലാതെ മറ്റൊന്നും അതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല.