കെ ടി ജലീലിന്റെ രാജി; പ്രതിഷേധം ശക്തം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Kt Jaleel

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. സംസ്ഥാനത്തെ വിവിധ മന്ത്രിമാരുടെ വീടുകളിലേക്കും, കമ്മീഷണര്‍ ഓഫീസുകളിലേക്കും, കളക്ടറേറ്റുകളിലേക്കും യൂത്ത് കോണ്‍ഗ്രസും, കോണ്‍ഗ്രസും, യൂത്ത് ലീഗും, യുവമോര്‍ച്ചയും ബിജെപിയും നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ പൊലീസ് തടഞ്ഞു. പലയിടത്തും സംഘര്‍ഷങ്ങളും അരങ്ങേറി. ആലപ്പുഴയിലെയും കൊല്ലത്തെയും മാര്‍ച്ചുകള്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചിന് നേരെ രണ്ട് തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. ഇതിന് പിന്നാലെ സംഘര്‍ഷവുമുണ്ടായി. കൊല്ലത്ത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. മന്ത്രിയുടെ വളാഞ്ചേരിയിലെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു

പത്തനംതിട്ട സിവില്‍ സ്റ്റേഷനിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനു മുന്നിലെ കോഴിക്കോട് വയനാട് ദേശീയപാത ഉപരോധിച്ചു. കൊട്ടിയത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. മന്ത്രി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് മുന്നോടിയായി തങ്ങിയ അരൂരിലെ വ്യവസായി എം എസ് അനസിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയെങ്കിലും പൊലീസ് തടഞ്ഞു.

Top