മാര്‍ക്ക് വിവാദം ; മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്

Kt Jaleel

തിരുവനന്തപുരം : സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെടല്‍ നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ ഷറഫുദ്ദീന്‍ ഒപ്പിട്ട് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാലകളില്‍ അദാലത്തുകള്‍ നടത്തിയതെന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കെ ഷറഫുദ്ദീന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയ കുറിപ്പാണ് പുറത്തായത്. ഇതില്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കത്തെഴുതുന്നത് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

കൂടാതെ മന്ത്രിയുടെ പരിഗണന അര്‍ഹിക്കുന്ന ഫയലുകള്‍ മന്ത്രിക്ക് കൈമാറണമെന്നും ഷറഫുദ്ദീന്റെ കുറിപ്പില്‍ പറയുന്നു. ഷറഫുദ്ദീനാണ് എം.ജി സര്‍വകലാശാലയില്‍ നടത്തിയ അദാലത്തില്‍ പങ്കെടുത്തതും, ബി.ടെകിന് എല്ലാ ചട്ടങ്ങളും മറികടന്ന് മാര്‍ക്ക് കൂട്ടി നല്‍കാന്‍ നിര്‍ദേശം നല്‍കിയതും.

അദാലത്തിനെ കുറിച്ച് ചോദിക്കുബോള്‍ സര്‍വകലാശാലകളുടെ അധികാരികളും ഉദ്യോഗസ്ഥരും ചേര്‍ന്നെടുത്ത തീരുമാനം എന്നാണ് മന്ത്രി മറുപടി പറഞ്ഞിരുന്നത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാനാണ് മന്ത്രി കൂട്ട് നിന്നതെന്നായിരുന്നു ആരോപണം. അഞ്ചാം സെമസ്റ്ററില്‍ ഒരു വിഷയത്തിന് തോറ്റ വിദ്യാര്‍ത്ഥിക്ക് പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയതിന് ശേഷവും ജയിക്കാനുള്ള മാര്‍ക്ക് ലഭിച്ചില്ല. വീണ്ടും മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടവിരുദ്ധമായതിനാല്‍ സാങ്കേതിക സര്‍വകലാശാല അപേക്ഷ തള്ളി.

തുടര്‍ന്ന് മന്ത്രിയെ വിദ്യാര്‍ത്ഥി സമീപിച്ചു. 2018 ഫെബ്രുവരി 28 ന് മന്ത്രി കെടി ജലീല്‍ പങ്കെടുത്ത സാങ്കേതിക സര്‍വകലാശാലയുടെ അദാലത്തില്‍ ഈ വിഷയം പ്രത്യേക കേസായി എടുത്തു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വീണ്ടും മൂല്യ നിര്‍ണ്ണയം നടത്താൻ മന്ത്രി അദാലത്തില്‍ നിര്‍ദേശിച്ചു. പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ വിദ്യാര്‍ത്ഥി ബിടെക് പാസായി. മാനുഷിക പരിഗണനയിലാണ് മന്ത്രി ഇടപെട്ടതെന്ന സര്‍വകലാശാല വിശദീകരണമാണ് ഗവര്‍ണ്ണറുടെ സെക്രട്ടറി തള്ളിയത്.

Top