കോഴിക്കോട്: കുഞ്ഞാലിക്കുട്ടി വായതുറക്കാത്ത വാര്‍ത്തസമ്മേളനമാണ് ഇന്ന് നടന്നതെന്നും അത് ചരിത്രമാണെന്നും കെ.ടി ജലീല്‍. സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ പറയാന്‍ പറ്റി, ഇ.ടി മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന് പറയാനുള്ളത് മുഴുവന്‍ പറഞ്ഞു, പി.എം.എ സലാം ജനറല്‍ സെക്രട്ടറിയായതിന് ശേഷം ആദ്യമായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. ആരും മൈക്ക് തട്ടിപ്പറിച്ചില്ലെന്നും ജലീല്‍ പറഞ്ഞു.
പാണക്കാട് കുടുംബത്തിന്റെ മേസ്തിരിപ്പണി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന സ്വാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ ഉദ്ദേശിച്ചാണ്. കുഞ്ഞാലിക്കുട്ടി യുഗം ലീഗില്‍ അവസാനിക്കുകയാണ്. അദ്ദേഹം ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ്. അതുകൊണ്ടാണ് താന്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചത്. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോണ്‍ രേഖകള്‍ പുറത്തുവിടുന്നില്ലെന്നും ജലീല്‍ പറഞ്ഞു.
മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കാറായെന്ന് കെ ടി ജലീല്‍ വ്യക്തമാക്കി.
‘എന്താണോ കേരളത്തിലെ ജനാധിപത്യ സംവിധാനം ആഗ്രഹിച്ചത്, അതാണ് ഇന്നുണ്ടായത്. മാഫിയ രാഷ്ട്രീയത്തിനെതിരായ താക്കീതാണ് ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് യോഗത്തിലുണ്ടായത്. വാക്കുപറഞ്ഞാല്‍ വാക്കാവണം. ഞാന്‍ പറഞ്ഞ വാക്ക് പാലിക്കും.
കുഞ്ഞാലിക്കുട്ടിയുടെ യുഗം ലീഗില്‍ അവസാനിച്ചേപറ്റൂ. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന്റെ ആശാനാണ് കുഞ്ഞാലിക്കുട്ടി. അതുകൊണ്ടാണ് അതേനാണയത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന് തോന്നിയത്. പലരെയും നിശബ്ദരാക്കിയതും പുറത്താക്കിയതും കുഞ്ഞാലിക്കുട്ടിയാണ്. അതുകൊണ്ടുതന്നെ ഒരു പുറത്തുപോകല്‍ ലീഗിന് അനിവാര്യമാണ്. കാത്തിരുന്നുകാണാം’ ജലീല്‍ പറഞ്ഞു.