‘ഭാരതരത്നം മലപ്പുറത്ത് എത്തുമോ’ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെ ടി ജലീൽ

രാമക്ഷേത്രത്തെ അനുകൂലിച്ച് പ്രസ്താവനയിറക്കിയ സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി കെ ടി ജലീൽ എം ൽ എ.”ഭാരതരത്നം” മലപ്പുറത്ത് എത്തുമോ? എന്ന തലകെട്ടോടു കൂടി ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഈ വിമർശനം. ബാബരി മസ്ജിദ് തകർക്കുന്നതിന് നേതൃത്വം നൽകിയ എൽ.കെ അദ്വാനിക്കാണ് ഇത്തവണ ഭാരതരത്നമെന്നും പള്ളി നിലംപരിശാക്കി തൽസ്ഥാനത്ത് പണിത രാമക്ഷേത്രവും ഇനി പണിയാൻ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ ‘മഹാനെ’ത്തേടി അടുത്ത വർഷം ഈ “മഹോന്നത പദവി” മലപ്പുറത്തെത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് ജലീൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

ബാബരി മസ്ജിദ് പൊളിച്ച സ്ഥലത്താണ് രാമക്ഷേത്രം പണിതതെന്ന കാര്യം ചരിത്ര സത്യമാണ്. മനുഷ്യവംശം നിലനിൽക്കുന്നെടത്തോളം ആ സത്യവും നിലനിൽക്കുമെന്നും ജലീൽ കുറിച്ചു. രാമക്ഷേത്രം കൊണ്ട് പ്രശ്നങ്ങൾ തീരുമോ തങ്ങളെ? കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ പൂജ തുടങ്ങിക്കഴിഞ്ഞുവെന്നും മഥുരയിലെ ഈദ്ഗാഹ് മസ്ജിദ് പിടിച്ചടക്കുമെന്ന് തീവ്രവർഗീയവാദികൾ പ്രഖ്യാപിച്ച് കഴിഞ്ഞുവെന്നും ജലീൽ പോസ്റ്റിലൂടെ ഓർമപ്പെടുത്തി.

താജ്മഹലിനോടനുബന്ധിച്ച് നടത്താറുള്ള ഷാജഹാൻ ഉറൂസ് ഇക്കുറി നടക്കുമോ? എന്നും “രാമക്ഷേത്ര വിജയഭേരി”യിൽ ആവേശംപൂണ്ട് വഴിപോക്കരെ പിടിച്ചു നിർത്തി ഇടിച്ചും തൊഴിച്ചും “ജയ്ശ്രീറാം” വിളിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ഏർപ്പാട് രാജ്യത്തിൻ്റെ പല ഭാഗത്തും നടക്കുന്നത് സാദിഖലി തങ്ങൾ അറിഞ്ഞില്ലെന്നുണ്ടോ?എന്നും ജലീൽ ചോദിച്ചു.

അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ലഹരിയിൽ ലക്കുകെട്ട് പള്ളികളുടെയും ചർച്ചുകളുടെയും മുകളിൽ കാവിക്കൊടി കെട്ടിയ തെമ്മാടിക്കൂട്ടങ്ങളുടെ ഹീനപ്രവൃത്തി തങ്ങളേ, താങ്കൾ കാണുന്നില്ലേ? മദ്രസ്സകളിൽ രാമായണം പാഠ്യവിഷയമാക്കിയത് അങ്ങ് അറിഞ്ഞില്ലേ? വ്രണിത ഹൃദയങ്ങളെ സാന്ത്വനിപ്പിക്കുന്നതിന് പകരം അവരുടെ ഹൃദയങ്ങൾക്കേറ്റ മുറിവുകളിൽ എന്തിനാണ് മുളക് പുരട്ടുന്നത്? എന്നും ജലീൽ കുറിക്കുന്നുണ്ട്. മാനവികത മാത്രമേ ആത്യന്തികമായി ലോകത്തെവിടെയും വിജയിക്കൂ. കാലം സാക്ഷി! എന്നാണ് ജലീൽ കുറിച്ചത്.

Top