‘കോൺഗ്രസ് വീണ്ടും ലീഗിനെ വഞ്ചിച്ചു’;ഒരു രാജ്യസഭ സീറ്റ് തന്ന് തിരിച്ചെടുക്കുന്നത് തന്ത്രമെന്ന് കെ ടി ജലീലിന്റെ പോസ്റ്റ്

ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയിൽ മൂന്നാം സീറ്റ് നിഷേധിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. വഹാബിൻ്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ്സിന് കൊടുത്താൽ ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്പോൾ മാത്രമാണ് രണ്ട് അംഗങ്ങൾ രാജ്യസഭയിൽ ഒരേസമയം ലീഗിനുണ്ടാകൂ. കെ ടി ജലീലിന്റെ കുറിപ്പ്‌:

ലീഗിൻ്റെ മൂന്നാം സീറ്റും പഴയ ഒരു ലണ്ടൻ കഥയും!

ജൂണിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ലീഗിന് നൽകാമെന്ന് കോൺഗ്രസ്സ് സമ്മതിച്ചു. രാജ്യസഭയിൽ ലീഗിൻ്റെ പ്രാതിനിധ്യം എപ്പോഴും രണ്ടെണ്ണം ഉണ്ടാകുമെന്ന് കോൺഗ്രസ് ഉറപ്പു നൽകി. വഹാബ് സാഹിബിൻ്റെ എം.പി കാലാവധി 2026-ൽ തീരുമ്പോൾ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് എടുക്കും. ലോക്‌സഭയിലേക്ക് മൂന്നാം സീറ്റ് നൽകാതെ വീണ്ടും കോൺഗ്രസ് ലീഗിനെ വഞ്ചിച്ചു. പകരം 2 കൊല്ലം രാജ്യസഭയിൽ ലീഗിന് രണ്ട് പ്രതിനിധികളെ നൽകും. മുമ്പും ലീഗിന് രാജ്യസഭയിൽ രണ്ട് പ്രതിനിധികൾ ഉണ്ടായിരുന്നു. കൊരമ്പയിൽ അഹമ്മദാജിയും അബ്‌ദുസ്സമദ് സമദാനിയും. ലീഗ് കണ്ണുരുട്ടാതെ തന്നെ കെ കരുണാകരനാണ് കേരളത്തിൽ നിന്നുള്ള ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം രണ്ടാക്കി ഉയർത്തിയത്. ആ കരുണാകരനെ കോട്ടയം ലോബി പടച്ചുണ്ടാക്കിയ ചാരക്കേസിൻ്റെ മറവിൽ അപമാനിതനാക്കി വലിച്ച് താഴെയിട്ടു. എ കെ ആൻ്റെണിയെ പകരം മുഖ്യമന്ത്രിയാക്കി വാഴിച്ചു. നെറികെട്ട ആ രാഷ്ട്രീയ അങ്കത്തിൽ ചതിയൻ ചന്തുവിൻ്റെ വേഷമിട്ടാണ് ലീഗ് കളം നിറഞ്ഞാടിയത്. കരുണാകരനോട് ലീഗ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത മഹാപരാധം! ബീരാൻ സാഹിബിൻ്റെ മരണത്തെ തുടർന്ന് ഒഴിവുവന്ന തിരൂരങ്ങാടിയിൽ ആൻ്റെണിയെ മൽസരിപ്പിച്ച് ജയിപ്പിച്ച ലീഗിനോട് ന്യൂനപക്ഷങ്ങൾ സമ്മർദ്ദമുപയോഗിച്ച് അനർഹമായത് നേടുന്നു എന്ന പ്രസ്‌താവന നടത്തിയാണ് അദ്ദേഹം പ്രത്യുപകാരം ചെയ്‌തത്.

ആൻ്റണിയുടെ മകൻ അനിൽ ആൻ്റണി ബിജെപിയിൽ പോയത് അയാളുടെ വ്യക്തിപരമായ കാര്യം. എന്നാൽ അനിൽ ആൻ്റണി ചീറ്റുന്ന മുസ്ലിം വിരുദ്ധ വിഷം അച്ഛനോട് ലീഗ് കാട്ടിയ ഉദാരമനസ്‌കതയ്ക്കുള്ള ഉപകാരസ്‌മരണയായി ആരെങ്കിലും ധരിച്ചാൽ തെറ്റുപറയാനാവില്ല! കാവളമരത്തിനു മുകളിൽ റോസാപ്പൂ വിരിയില്ലല്ലോ? കരുണാകരനെ പിന്നിൽ നിന്ന് കുത്തിയ നന്ദികേടിന് ലീഗ് ലോകാവസാനം വരെ പ്രായശ്ചിത്തം ചെയ്‌താലും മതിയാവില്ല. 2019 ൽ ഹൈദരലി തങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകിയ ഉറപ്പ് അവർ പാലിച്ചിട്ടില്ലെങ്കിൽ സാദിഖലി തങ്ങൾക്ക് അവർ നൽകിയ ഉറപ്പ് “കുറുപ്പിൻ്റെ ഉറപ്പാകു”മെന്ന് ആർക്കാണറിയാത്തത്?
ഇപ്പോഴത്തെ വ്യവസ്ഥകൾ നോക്കിയാൽ പണ്ട് ലണ്ടനിൽ നടന്ന ഒരു സംഭവമാണ് ഓർമ്മവരിക. ലണ്ടനിലെ ഒരു പുരാതന ചർച്ച് പുതുക്കിപ്പണിയാൻ കമ്മിറ്റിക്കാർ തീരുമാനിച്ചു. ലീഗിന്  രാജ്യസഭയിൽ രണ്ട് അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചപോലെ. തുടർന്ന് യോഗം കൂടി ചർച്ചിൻ്റെ മേലധികാരികൾ മൂന്ന് ഉഗ്രൻ തീരുമാനങ്ങളും എടുത്തു!.

1) പഴയ ചർച്ച് നിൽക്കുന്ന സ്ഥലത്താവണം പുതിയ ചർച്ച് പണിയേണ്ടത്.
2) പഴയ ചർച്ചിൻ്റെ പരമാവധി സാധനസാമഗ്രികൾ പുതിയ ചർച്ചിൻ്റെ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തണം.
3) പുതിയ ചർച്ച് പണിത് കഴിഞ്ഞ ശേഷമേ പഴയ ചർച്ച് പൊളിക്കാൻ പാടുള്ളൂ.

ഈ വ്യവസ്ഥകൾക്ക് സമാനമായ ഒരിക്കലും നടക്കാത്ത വ്യവസ്ഥകളാണ് ലീഗിന് ലോകസഭയിൽ മൂന്നാം സീറ്റ് നിഷേധിച്ച് കൊണ്ട് കോൺഗ്രസ് മുന്നോട്ടു വെച്ചിരിക്കുന്നത്. വഹാബിൻ്റെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ്സിന് കൊടുത്താൽ ലീഗിൻ്റെ രാജ്യസഭാ പ്രാതിനിധ്യം ഒന്നായി കുറയുകയല്ലേ ചെയ്യുക? അതും ലീഗിന് കിട്ടുമ്പോൾ മാത്രമാണ് രണ്ട് അംഗങ്ങൾ രാജ്യസഭയിൽ ഒരേസമയം ലീഗിനുണ്ടാകൂ.

വൻബിസിനസ് സംരഭങ്ങൾ നടത്തുന്ന ലീഗ് നേതാക്കൾക്ക് ഇതറിയാഞ്ഞിട്ടല്ല. സ്വന്തം കമ്പനി പൊളിയുന്നതിലേ അവർക്ക് വിഷമമുള്ളൂ. ലക്ഷക്കണക്കിന് സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ഒരു രൂപ മെമ്പർഷിപ്പ് ഷെയറുള്ള മുസ്ലിംലീഗാവുന്ന മഹത്തായ കമ്പനി പൊളിയുന്നതിലും അതിൻ്റെ ആത്മാഭിമാനം തകരുന്നതിലും അവർക്കൊരു ഛേദവും ഉണ്ടാവേണ്ട കാര്യമില്ലല്ലോ!!!

Top