നാടക-സിനിമാ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്ന നടന്‍ കെ.ടി.സി. അബ്‌ദുള്ള അന്തരിച്ചു

കോഴിക്കോട്: നടന്‍ കെ.ടി.സി. അബ്ദുള്ള (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ സ്ഥിതി മോശമായതോടെ കഴിഞ്ഞ ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.

1936ല്‍ കോഴിക്കോട് കോട്ടപ്പറമ്പിലാണ് കെ.ടി.സി അബ്ദുള്ളയുടെ ജനനം. പതിമുന്നാം വയസു മുതല്‍ നാടക രംഗത്ത് സജീവമായി. നടന്മാരായ കെ.പി. ഉമ്മര്‍, മാമുക്കോയ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് 18ാം വയസില്‍ യുണൈറ്റഡ് ഡ്രാമ അക്കാഡമി തുടങ്ങി. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് കെ.ടി.സി. അബ്ദുള്ള എന്ന പേര് ലഭിച്ചത്.

40 വര്‍ഷത്തോളം നീണ്ടു നിന്ന സിനിമാ ജീവീതത്തില്‍ അന്‍പതോളം സിനിമകളിലും അഭിനയിച്ചു. 1977ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. സമീപകാലത്ത് പ്രേക്ഷക ശ്രദ്ധ നേടിയ സുഡാനി ഫ്രം നൈജീരിയ, ഗദ്ദാമ, അറബിക്കഥ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

Top