തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനൊപ്പം കെടിഡിഎഫ്സി (കേരളാ ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍) അടച്ച് പൂട്ടുന്നു. മുന്‍ എംഡി അജിത് കുമാറിന്റെയും ജ്യോതിലാല്‍ ഐഎഎസിന്റെയും കത്ത് പുറത്തുവന്നു. 925 കോടിയാണ് കെടിഡിഎഫ്സിയിലെ സ്വകാര്യ നിക്ഷേപം. എന്നാല്‍ ഇപ്പോള്‍ പൊതുമേഖലാ സ്ഥാപനത്തിന്റെ കൈയില്‍ ഉള്ളത് 353 കോടി മാത്രമാണ്.
കെഎസ്ആര്‍ടിസി നല്‍കാമെന്ന് അറിയിച്ച 356.65 കോടി രൂപ കൂടി വാങ്ങിയാല്‍ കടബാധ്യത തീര്‍ക്കാമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. വന്‍ പലിശ വാഗ്ദാനം ചെയ്താണ് കെടിഡിഎഫ്സി നിക്ഷേപം സ്വീകരിച്ചത്. കെഎസ്ആര്‍ടിസിയുടെ ഏറ്റവും വലിയ ധനദാതാവാണ് കെടിഡിഎഫ്സി. സ്ഥാപനത്തിലെ ജീവനക്കാരെ മറ്റ് വകുപ്പിലേക്ക് മാറ്റുമെന്നുമാണ് വിവരം. നാല് ഷോപ്പിംഗ് കോംപ്ലക്സുകള്‍ സ്ഥാപനത്തിന്റെതായുണ്ട്.