ktm duke 200

ഫുട്‌ബോളില്‍ മെസിയെ പോലെയാണ് സ്പോര്‍ട്സ് ബൈക്ക് പ്രേമികള്‍ക്ക് കെ.ടി.എം ഡ്യൂക്ക്. കാഴ്ചയില്‍ സുന്ദരന്‍. കളിയിലോ കെങ്കേമന്‍ രൂപകല്പനയില്‍ മാത്രമല്ല, റൈഡിംഗിലും സ്പോര്‍ട്ടീ ഫീല്‍ നല്‍കുന്നുവെന്നതാണ് കെ.ടി.എം ഡ്യൂക്കിനെ യുവാക്കളുടെ പ്രിയങ്കര താരമാക്കുന്നത്.

2012 ജനുവരിയിലാണ് കെ.ടി.എം ഡ്യൂക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. യുവാക്കള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ കെ.ടി.എം ഡ്യൂക്കിന്റെ നമ്പണ്‍ വണ്‍ വിപണിയായി മാറുകയായിരുന്നു ഇന്ത്യ. സ്വീകാര്യത കൊഴുക്കുമ്പോഴും മാറ്റങ്ങളുടെ പാതയിലാണ് ഡ്യൂക്ക്.

പരിഷ്‌കാരിയായി, കൂടുതല്‍ സുന്ദരനായി കെ.ടി.എം ഡ്യൂക്ക് 200ന്റെ പുതിയ മുഖം വീണ്ടും കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. ഓള്‍ടൈം ഓണ്‍ ഹെഡ്ലാമ്പ് പുതിയ ഡ്യൂക്ക് 200ലെ ശ്രദ്ധേയ മാറ്റം. ഗ്രാഫിക്സും സീറ്റുകളുടെ നിലവാരവും കൂടുതല്‍ മെച്ചപ്പെടുത്തിയിരിക്കുന്നു.

ഹാന്‍ഡില്‍ ബാര്‍ ലിവറുകള്‍ ക്രമീകരിക്കാവുന്നതാക്കി മാറ്റി. റേഡിയേറ്റര്‍ ഫാനുകള്‍ മെച്ചപ്പെടുത്തിയതിനാല്‍ കൂടുതല്‍ കൂളിംഗ് ഉണ്ടാവും. ഡിസ്‌ക് ബ്രേക്കുകളുടെ കട്ടി കൂട്ടിയതായും കാണാം.

രൂപകല്നയില്‍ വന്‍ അഴിച്ചു പണികളില്ല. കെ.ടി.എമ്മിന്റെ മാസ്റ്റര്‍പീസായ നേക്കഡ് രൂപകല്പന ഭംഗിയായി നിലനിറുത്തിയിരിക്കുന്നു. വൈസറില്ലാതെ, സ്‌ളിം ഹെഡ്ലൈറ്റാണ് മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം.

പ്‌ളാസ്റ്റിക് കവറിംഗുള്ള വലിയ ടെലസ്‌കോപ്പിക് ഫോര്‍ക്കും കുഞ്ഞന്‍ മഡ്ഗാഡും വീതിയേറിയ ടയറും കട്ടികൂടിയ ഡിസ്‌ക് പ്‌ളേറ്റും കൂടിച്ചേരുമ്പോള്‍ അസ്സലൊരു സ്പോര്‍ട്ടീ ബൈക്കായി മാറുകയാണ് പുത്തന്‍ ഡ്യൂക്ക് 200. ബോഡി പാനലുകളൊക്കെ തീരെ ചെറുതായാണ് ഒരുക്കിയിരിക്കുന്നത്.

വലിയ ഇന്ധനടാങ്കില്‍ ഡ്യൂക്ക് 200 എന്ന് എഴുതിയിരിക്കുന്നത് തന്നെ നല്ല കാഴ്ച. പിന്നിലെ വലിയ ടയറും മഡ്ഗാഡും കുഞ്ഞന്‍ ടെയ്ല്‍ ലൈറ്റും ചേര്‍ന്നുള്ള സ്പോര്‍ട്ടീ ഭംഗി ഏവരെയും ആകര്‍ഷിക്കും.

Top