പുത്തന്‍ നിറത്തില്‍ കെടിഎം RC200 മോഡല്‍ വില്‍പ്പനയ്ക്ക്. 1.77 ലക്ഷം രൂപയാണ് വില. സ്പോര്‍ട് RC നിരയില്‍ കെടിഎമ്മിന്റെ പ്രാരംഭ മോഡലാണിത്. ഇന്ത്യയില്‍ ഇന്നുവരെ വെള്ള നിറത്തില്‍ മാത്രമാണ് കെടിഎം RC200 മോഡലുകള്‍ അണിനിരന്നിട്ടുള്ളത്. എന്നാല്‍ ഇനി മുതല്‍ വെള്ള, കറുപ്പ് നിറങ്ങളില്‍ ബൈക്ക് വില്പനയ്‌ക്കെത്തും. ഇതില്‍ കമ്പനി പുതുതായി അവതരിപ്പിച്ച കറുപ്പ് നിറമാണ് 2018 RC200 -ന്റെ മുഖ്യവിശേഷം.
മുതിര്‍ന്ന RC390 -യില്‍ ഒരുങ്ങുന്ന കറുപ്പു നിറശൈലിയാണ് പുതിയ RC200 -ഉം പിന്തുടരുന്നത്. തിളങ്ങുന്ന കറുപ്പു നിറം ബോഡിയില്‍ ഉടനീളം കാണാം. നാലു വര്‍ഷം മുമ്പ് RC200 -നെ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവന്നപ്പോള്‍ വെള്ള നിറം മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു കെടിഎം തീരുമാനിച്ചത്. കറുത്ത RC200 മോഡലിനെ പ്രതീക്ഷിച്ച വലിയ വിഭാഗം ആരാധകരെ ഇതു നിരാശപ്പെടുത്തി. ശേഷം ബജാജ്, കെടിഎം ഇന്ത്യ അധികൃതര്‍ക്ക് മുന്നില്‍ ആരാധകര്‍ നിര്‍ത്താതെ ഉന്നയിച്ച ആവശ്യം കണക്കിലെടുത്താണ് കറുപ്പ് നിറത്തില്‍ പുതിയ RC200 -നെ അവതരിപ്പിക്കാന്‍ കെടിഎം നടപടിയെടുത്തത്.
അലോയ് വീലുകള്‍ക്കും ട്രെല്ലിസ് ഫ്രെയിമിനും ഓറഞ്ചാണ് നിറം. ഓറഞ്ച് നിറത്തിലുള്ള ഗ്രാഫിക്സും മോഡലിലുണ്ട്. RC390 -യ്ക്ക് ഓറഞ്ച് ഇന്നര്‍ ഫെയറിംഗാണെങ്കില്‍ പുതിയ RC200 -ന് വെള്ള നിറത്തിലുള്ള ഇന്നര്‍ ഫെയറിംഗാണ് ലഭിക്കുന്നത്.
പുതിയ നിറം ഒരുങ്ങുന്നുണ്ടെങ്കിലും മറ്റു കാര്യമായ മാറ്റങ്ങള്‍ ബൈക്കിലില്ല. 199.5 സിസി ഒറ്റ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് DOHC എഞ്ചിന്‍ കെടിഎം RC200 -ല്‍ തുടരുന്നു. 10,000 rpm -ല്‍ 25 bhp കരുത്തും 8,000 rpm -ല്‍ 19.2 Nm torque ഉം എഞ്ചിന്‍ പരമാവധി രേഖപ്പെടുത്തും. ഇരു ടയറുകളില്‍ ഡിസ്‌ക് ബ്രേക്കുകള്‍ ബ്രേക്കിംഗ് നിര്‍വഹിക്കും. അതേസമയം ഇക്കുറിയും എബിഎസ് സുരക്ഷ നല്‍കാന്‍ കെടിഎം തയ്യാറായിട്ടില്ല.