കെടിയു വിസി നിയമനം: ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഹർജി നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം. ഗവർണർ നിയമിച്ച താൽക്കാലിക വി സി ഡോ. സിസാ തോമസിനെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം.

നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്നു താത്കാലിക വിസിയെ നിയമിക്കാനും നിർദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാൽ സർക്കാർ പാനൽ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം.

ഈ സാഹചര്യത്തിൽ സർക്കാർ നിർദേശിച്ച മൂന്നംഗ പാനലിൽ നിന്നും തിടുക്കപ്പെട്ട് ഗവർണർ നിയമനം നടത്തിയേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ, കോടതി വിധിക്കെതിരെ ഗവർണർ അപ്പീൽ നൽകിയാൽ, വീണ്ടും സർക്കാരുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങും. സർക്കാർ നിർദേശിച്ച പാനലിൽ നിന്നും പുതിയ വിസിയെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൂടിക്കാഴ്ചയിൽ ഗവർണറോട് ആവശ്യപ്പെട്ടേക്കും.

Top