കെടിയു വിസി നിയമനം; നിയമോപദേശം തേടിയിട്ടില്ല; സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കെടിയു വിസി നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താത്ക്കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. താന്‍ ആരില്‍നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്ഭവിനില്‍ എത്തിയശേഷം സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ അന്തിമ തീരുമാനമെടുക്കും. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയക് അവരുടെ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണര്‍ ഹര്‍ജി നല്‍കിയാല്‍ തങ്ങളുടെ ഭാഗംകൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തടസ്സഹര്‍ജി നല്‍കിയത്.

സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജി നല്‍കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഗവര്‍ണര്‍ നിയമിച്ച താത്ക്കാലിക വി സി ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം എന്നായിരുന്നു വാര്‍ത്ത.

നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്നു താത്കാലിക വിസിയെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ പാനലില്‍ നിന്നും തിടുക്കപ്പെട്ട് ഗവര്‍ണര്‍ നിയമനം നടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കോടതി വിധിക്കെതിരെ ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയാല്‍, വീണ്ടും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങും. സര്‍ക്കാര്‍ നിര്‍ദേശിച്ച പാനലില്‍ നിന്നും പുതിയ വിസിയെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും.

Top