ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘കുടുക്ക് 2025’ ഒടിടിയിലേക്ക്. ഈ മാസം ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് തുടങ്ങുമെന്നാണ് വിവരം. സൈന പ്ലേയ്ക്ക് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. പ്രഖ്യാപനം മുതൽ ഏറെ ചർച്ചകൾക്ക് വഴിവച്ച സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചത് ബിലാഹരിയാണ്.
2022 ഓഗസ്റ്റ് 25ന് തിയറ്ററിൽ എത്തിയ ചിത്രമാണ് കുടുക്ക്. ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒടിടിയില്‍ എത്താന്‍ പോകുന്നത്. ടെക്നോളജി വ്യക്തി ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
കുടുക്കിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഒരു വര്‍ഷം മുന്‍പ് നടന്നിരുന്നു. ദുര്‍ഗയ്ക്ക് നേരെ വന്‍ തോതില്‍ സൈബര്‍ ആക്രമണങ്ങളും ഉയര്‍ന്നിരുന്നു. കൃഷ്ണ ശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങളായിരുന്നു ഇതിന് കാരണം. വിഷയത്തില്‍ പ്രതികരണവുമായി ഇരുവരും എത്തിയിരുന്നുവെങ്കിലും ദുര്‍ഗയുടെ ഭര്‍ത്താവിനെയും വിമര്‍ശകര്‍ വെറുതെ വിട്ടിരുന്നില്ല. ഒരു ലിപ്‌ലോക്കിന്റെ പേരിൽ തന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്തവർക്ക് പുച്ഛമാണ് നല്‍കാനുള്ളത് എന്നായിരുന്നു അന്ന് ദുർഗയുടെ ഭർത്താണ് അർജുൻ പ്രതികരിച്ചിരുന്നത്.
കൃഷ്ണശങ്കര്‍, ബിലാഹരി, ദീപ്തി റാം എന്നിവര്‍ ചേര്‍ന്നാണ് കുടുക്ക് നിര്‍മിച്ചത്. മറ്റ് അണിയറ പ്രവര്‍ത്തകര്‍ : ആക്ഷന്‍ കൊറിയോഗ്രഫി വിക്കി, ഛായാഗ്രഹണം അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഭൂമി, മണികണ്ഠന്‍ അയ്യപ്പ, പശ്ചാത്തല സംഗീതം ഭൂമി, മുജീബ് മജീദ്, കലാസംവിധാനം ഇന്ദുലാല്‍, അനൂപ്, വസ്ത്രാലങ്കാരം ഫെമിന ജബ്ബാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് പ്രഭാകര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആനന്ദ് ശ്രീനിവാസന്‍, സ്റ്റില്‍സ് അരുണ്‍ കിരണം. ഒരു വര്‍ഷത്തിന് ശേഷം ചിത്രം ഒന്നു കൂടി കാണാനുള്ള തയ്യാറെടുപ്പിലാണ് സിനിമാസ്വാദകര്‍.