ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ചാരവൃത്തി ആരോപിച്ച് പാകിസ്ഥാന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ യാദവിന്റെ ദയാഹര്‍ജി തള്ളി.
പാക് സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ദയാഹര്‍ജി സൈനിക മേധാവി പരിശോധിച്ച് വരികയാണെന്നും പാക് സൈന്യം അറിയിച്ചു.
പാക് പട്ടാള നിയമപ്രകാരമാണ് സൈനിക മേധാവി ദയാഹര്‍ജി പരിശോധിക്കുക. ദയാഹര്‍ജിയില്‍ സൈനിക മേധാവിയാണ് ഇനി അന്തിമ തീരുമാനമെടുക്കുക. കുല്‍ഭൂഷന്‍ യാദവിന്റെ ആദ്യ ദയാഹര്‍ജിയാണ് പാക് പട്ടാള കോടതി തള്ളിയിരിക്കുന്നത്.
ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് കുല്‍ഭൂഷനെ പാക്കിസ്ഥാന്‍ പിടികൂടിയത്.
2003 മുതല്‍ ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തിവന്ന യാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെ വലയിലായത്.
കുല്‍ഭുഷണ്‍ യാദവിന്റെ പേരില്‍ ഭീകരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) റജിസ്റ്റര്‍ ചെയ്തിരുന്നു. കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന വകുപ്പുകളാണിത്. യാദവ് ഇന്ത്യന്‍ നാവിക സേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും, ഇപ്പോള്‍ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
താന്‍ ഇന്ത്യന്‍ നാവിക സേനയില്‍ ഉദ്യോഗസ്ഥനായിരുന്നുവെന്നു യാദവ് ഏറ്റുപറയുന്ന ‘കുറ്റസമ്മത വിഡിയോ’യും പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍, നാവികസേനയില്‍ നിന്നു നേരത്തേ വിരമിച്ച കുല്‍ഭൂഷണ്‍ ഇന്ത്യന്‍ ചാരനല്ലെന്നും, സര്‍ക്കാരുമായി ഇദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്.